ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ സംഘപരിവാർ സൈബർവേട്ട നടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. അതിനെതിരെ സർഗാത്മക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും പു.ക.സ. ആവശ്യപ്പെട്ടു. അതേസമയം, വിവാദത്തിനു പിന്നില്‍ ലൈംഗിക വിഷാദികളാണെന്നായിരുന്നു നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം. വിവാദങ്ങളുടെ വ്യാജ പ്രചാരണങ്ങളുടെയും പശ്ചാത്തലത്തില്‍ നാടകം വീണ്ടും അരങ്ങിലെത്തിക്കാനുള്ള നീക്കത്തിലാണ് ഡിവൈഎഫ്ഐ.
കലാവിഷ്‌കാരങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്നത് സംഘപരിവാറിന് സഹിക്കാനാവില്ലെന്ന് പു.ക.സ. കുറ്റപ്പെടുത്തി. രാജ്യത്തുടനീളം കലാകാരന്മാരെയും, എഴുത്തുകാരെയും, സാംസ്‌കാരിക പ്രവർത്തകരെയും അവർ വേട്ടയാടുകയാണ്. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്ററിന്റെ 'മിസ' എന്ന നാടകം അടിയന്തരാവസ്ഥയ്ക്കെതിരെ ജീവിതം നൽകി പൊരുതിയ സ്‌നേഹലത റെഡ്ഡിയെ പ്രേക്ഷകരെ ഓർമിപ്പിക്കുന്നുണ്ട്.
ഏകാധിപത്യ അധികാര രൂപങ്ങളും, സ്ത്രീജീവിതം അനുഭവിക്കുന്ന ചൂഷണവും നാടകം കലാത്മകമായി ആവിഷ്കരിക്കുന്നു. ആർഎസ്എസ്സിന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്‌നേഹാവിഷ്‌കാരങ്ങളെയും, ചരിത്രസന്ദർഭങ്ങളെയും സഹിഷ്ണുതയോടെ കാണാനാവില്ല. ഹിംസയുടെ പ്രത്യയശാസ്ത്രത്തിന്, കലയിലെ മാനവികത മനസ്സിലാക്കാനുമാവില്ല. 'മിസ' നാടകത്തിനു നേരെയുള്ള സംഘപരിവാർ സൈബർ വേട്ടയിൽ സർഗാത്മക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് സകല ജനാധിപത്യവാദികളോടും അഭ്യർത്ഥിക്കുന്നതയും പ്രസിഡന്റ് വൈശാഖനും, ജനറല്‍ സെക്രട്ടറി ഡോ. കെ.പി. മോഹനനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലാത്ത, ലൈംഗിക വിഷാദികളാണ് ഒരു നാടകത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ അർദ്ധനഗ്നത കണ്ടു ഓരിയിടുന്നത് എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. ഇതേ സദാചാരവാദികൾ 'നീല' കലർന്ന സിനിമകൾ ഇരുട്ടിലിരുന്നാസ്വദിക്കുന്നതിൽ തെറ്റ് കാണാത്തവരുമായിരിക്കും. അരനൂറ്റാണ്ട് മുമ്പ് വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി എന്ന അതിപ്രശസ്ത ശില്പം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികൾ ഇപ്പോഴും അവിടെനിന്ന് ബസ് കിട്ടാതെ നിൽക്കുകയാണ്. അവരാണ് ഇപ്പോൾ ഒരു നാടകത്തിലെ സ്ത്രീ ശരീരത്തെക്കുറിച്ചു പരിഹസിക്കുന്നതെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തുന്നു.
നാടകം എന്ന കലാരൂപം എത്രയോ കാതം മുന്നോട്ടുപോയി എന്ന് ഈ സദാചാരികൾക്കറിയില്ല. ഗ്രോട്ടോവ്സ്കിയുടെ (പോളണ്ട്) ദരിദ്ര നാടകവേദിയിൽ മനുഷ്യന്റെ ഉടലാണ് മുഖ്യ സംവേദന മാധ്യമം എന്ന് നാടകം പഠിച്ചവർക്കറിയാം. ഒരിക്കൽ ഞാനും സുഹൃത്തുക്കളും യൂറോപ്പിൽ ആണും പെണ്ണും പൂർണനഗ്നരായി അഭിനയിച്ച നാടകത്തിനു സാക്ഷിയായിട്ടുണ്ട്. അവിടെയൊക്കെ നഗ്‌നത പ്രേക്ഷകന്റെ ലൈംഗിക ചോദനകളെ ഉണർത്താനുള്ള ഉത്തേജകമരുന്നല്ല. നാടകം ആവശ്യപ്പെടുന്ന ഒരു സിറ്റുവേഷൻ മാത്രമാണ്. അത് ആസ്വദിക്കുവാൻ കലാപരമായ ശിക്ഷണം വേണം. ഡിവൈഎഫ്ഐ നടത്തിയ നാടകത്തെ സമഗ്രതയിൽ ആസ്വദിക്കാൻ കഴിയാതെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം വരുന്ന ആൺപരിഷകൾ അതിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പ്രകടനത്തെ അടർത്തിയെടുത്ത് ആക്ഷേപിക്കുന്നതും മേൽപ്പറഞ്ഞ ലൈംഗിക സംതൃപ്തിയുടെ അടയാളം തന്നെയാണെന്നും ജോയ് മാത്യു വിവരിക്കുന്നു.
നാടകാവതരണത്തില്‍ പാലിക്കേണ്ടിയിരുന്ന ഔചിത്യത്തെക്കുറിച്ചും ജോയ് മാത്യു കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. രക്തസാക്ഷിത്വം വരിച്ച ഒരാളുടെയും അന്തരിച്ച മറ്റൊരു ഉന്നത നേതാവിന്റെയും ചിത്രങ്ങൾക്ക് മുൻപിൽ നടിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ട്രോളാൻ അവസരം നൽകുന്നു. മറിച്ച് ഒരു തിരശീലകൊണ്ട് മറച്ച് ബാക്ക് ഗ്രൗണ്ട് സജ്ജമാക്കിയിരുന്നെങ്കിൽ നാടകാവതരണത്തിനു മാറ്റ് കൂടിയേനെ. ഇതിന് തിരിച്ചറിവ് വേണം. അതാണ് ഔചിത്യം. കാമം മാത്രമല്ല നഗ്നത. ഔചിത്യം എന്നത് ഒരു കീഴടങ്ങലും അല്ലെന്നും ജോയ് മാത്യ പറയുന്നു.
വിവാദമായ 'മിസ' നാടകം വീണ്ടും അവതരിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം. സംസ്ഥാന സമ്മേളന വേദിയിൽ തന്നെ നാടകം അവതരിപ്പിക്കാനാണ് ആലോചന. തെറ്റിദ്ധരിപ്പിക്കും വിധം നാടകത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതും വ്യാജ പ്രചാരണങ്ങൾ ഉണ്ടായതിനും പിന്നാലെയാണ് തീരുമാനം. നഗ്നതാ പ്രദര്‍ശനമെന്ന പേരിലാണ് നാടകത്തിന്റെ ഒരു ഭാഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.