KERALA

പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാത അഴിമതി ആരോപണം; വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി പൂഴ്ത്തിയെന്ന് ആക്ഷേപം

വിജിലന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയതിന്റെ തെളിവുകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാത നിര്‍മാണ അഴിമതി ആരോപണത്തിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പൂഴ്ത്തിയെന്ന് ആക്ഷേപം. സഭയിലെ റാന്നി എംഎല്‍എയുടെ ചോദ്യത്തിന് റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ മറുപടി നല്‍കിയത്. എന്നാല്‍ വിജിലന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയതിന്റെ തെളിവുകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. പാത നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

നിയമസഭയില്‍ പഴകുളം മധുവിന്റെ ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീര്‍ നല്‍കിയ മറുപടി പച്ചക്കള്ളമെന്ന് പറയുകയാണ് പരാതിക്കാരനും പൊതുപ്രവര്‍ത്തകനുമായ അനില്‍ കാറ്റാടിക്കല്‍. 2025 ഒക്ടോബര്‍ 25ന് മുന്‍ സര്‍ക്കാര്‍ അംഗീകരിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി.കെ ബഷീര്‍ പറയുന്നത്. മന്ത്രി കളവ് പറഞ്ഞത് വീഴ്ചവരുത്തിയ കരാര്‍ കമ്പനികളെ സഹായിക്കാനെന്നാണ് ആക്ഷേപം.

ലക്ഷങ്ങളുടെ അഴിമതിക്ക് ചുക്കാന്‍ പിടിച്ചത് കരാര്‍ കമ്പനികളും കെഎസ്ടിപിയും ആണെന്നായിരുന്നു ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ റോഡ് നിര്‍മാണത്തില്‍ വലിയ ക്രമക്കേടുകള്‍ കണ്ടെത്തി.

3 റീച്ചുകള്‍ ആയാണ് പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതില്‍ അന്വേഷണം നടന്നത് ഒരു റീച്ചിന്റെ മാത്രം. വീഴ്ച്ച കണ്ടെത്തിയ 30 കിലോമീറ്റര്‍ ദൂരം പുനര്‍ നിര്‍മിക്കുകയോ നിര്‍മാണ ചിലവിന്റെ തുക സര്‍ക്കാരിന് തിരിച്ചടയ്ക്കുകയോ ചെയ്യണമെന്നും കല്ലും മണ്ണും നീക്കുന്നതിന് വേണ്ടി അനധികൃതമായി കൈപ്പറ്റിയ ആറുകോടി 94 ലക്ഷം രൂപ സര്‍ക്കാരിന് തിരിച്ചടക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.

SCROLL FOR NEXT