KERALA

നായർ-ഈഴവ ഐക്യം അസംബന്ധം; കേരളത്തിൽ അത് ഒരു ചലനവുമുണ്ടാക്കില്ല: പുന്നല ശ്രീകുമാർ

ഈഴവ സമുദായ അംഗങ്ങളെപ്പോലും ഐക്യം ബോധിപ്പിക്കാൻ കഴിയില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നായർ-ഈഴവ ഐക്യം അസംബന്ധം ആണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ഐക്യം ഉണ്ടായാലും അത് കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. മഹാ ഭൂരിപക്ഷം സാധാരണക്കാർക്കും ഗുണം ഉണ്ടാകത്ത ഐക്യമാണിത്. ഈഴവ സമുദായ അംഗങ്ങളെപ്പോലും ഐക്യം ബോധിപ്പിക്കാൻ കഴിയില്ലെന്നും പുന്നല ശ്രീകുമാർ വിമർശിച്ചു. നായർ-ഈഴവ ഐക്യം മുൻപും പല തവണ ഇത് ചർച്ച ആയിട്ടുണ്ട്. അതുകൊണ്ട് ഇത് പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് പിന്നാലെയാണ് സാമുദായിക ഐക്യം അനിവാര്യമാണ് എന്ന് എസ്എൻഡിപി വിലയിരുത്തിയത്.  നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം അനിവാര്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറയുകയയും ചെയ്തു. എൻഎസ്എസുമായി ചർച്ചകൾ നടത്താൻ തയ്യാറാണെന്നും, ഏറ്റവും അടുത്ത ദിവസം തന്നെ അത് ഉണ്ടാകുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. എൻഎസ്എസുമായി  സംസാരിക്കുന്നതിന് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഐക്യ കാഹളം മുഴക്കിയതിനും സുകുമാരൻ നായർ തന്ന പിന്തുണയ്ക്കും നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇനി എന്ത് തീരുമാനവും എൻഎസ്എസുമായി ആലോചിച്ചു മാത്രമായിരിക്കും. ഇനി എൻഎസ്എസുമായി കൊമ്പുകോർക്കില്ലെന്നും, മുൻപ് ഉണ്ടായത് പോലെ അല്ല ഇപ്പോഴെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളാപ്പള്ളിയുടെ ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് കൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും രംഗത്തെത്തിയിരുന്നു. തുഷാർ വെള്ളാപ്പള്ളി വരുമ്പോൾ ഒരു മകനെ പോലെ സ്വീകരിക്കും. രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അല്ല, എസ്എൻഡിപി പ്രതിനിധി എന്ന നിലയിലാണ് തുഷാറിനെ കാണുന്നത്. വെള്ളാപ്പള്ളി നടേശനോട്‌ സ്നേഹത്തോടെ നന്ദി പറയുന്നെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

SCROLL FOR NEXT