പി.വി. അൻവർ Source: Facebook/ PV Anvar
KERALA

"2026ൽ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണം, മലപ്പുറം ജില്ല വിഭജിക്കണം"; പുതിയ ഉപാധികളുമായി പി.വി. അൻവർ

സതീശൻ മുക്കാൽ പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് സതീശനെ മാറ്റണമെന്നും അൻവർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

2026ൽ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണമെന്ന ആവശ്യവുമായി പി.വി. അൻവർ. തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മേഖല ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നും മലപ്പുറം ജില്ല വിഭജിക്കണമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അൻവർ വിമർശനം ഉന്നയിച്ചു. സതീശൻ മുക്കാൽ പിണറായി വിജയനാണ്. സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം. സതീശനാണ് തന്നെ മത്സര രംഗത്തേക്ക് തള്ളിവിട്ടത്. കോൺഗ്രസിന്റെ ഇപ്പോഴത്തെ മലപ്പുറം സ്നേഹം തെരഞ്ഞെടുപ്പായതിനാലാണെന്നും അൻവർ പറഞ്ഞു.

അതേസമയം, നിലമ്പൂരിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. 11 സ്വതന്ത്രർ ഉൾപ്പെടെ 19 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക നൽകിയിരിക്കുന്നത്. സിപിഐഎമ്മിൽ നിന്ന് എം. സ്വരാജ്, കോൺഗ്രസിൽ നിന്ന് ആര്യാടൻ ഷൗക്കത്ത്, ബിജെപിയിൽ നിന്ന് മോഹൻ ജോർജ്, സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അൻവർ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ.

എസ്ഡിപിഐയിൽ നിന്ന് സാദിക് നടുത്തൊടി, ശിവസേനയിൽ നിന്ന് ഹരിനാരായണൻ, സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർഥിയായി സുരേഷ് കുമാർ ജി. , നാഷണൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി ഹരിദാസ് എം. എന്നിവരും നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളിൽ അഞ്ചു പേർ വിവിധ മുന്നണികളുടെ ഡമ്മി സ്ഥാനാർഥികളാണ്.

പി.വി അൻവറിൻ്റെ ചിഹ്നത്തിലും ഇന്ന് തീരുമാനമാകും. ബിജെപി സ്ഥാനാർഥിക്കു വേണ്ടിയുള്ള പ്രചരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് നിലമ്പൂരിലെത്തും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഇടത്-വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണവും ശക്തമാവുകയാണ്.

SCROLL FOR NEXT