പി.വി അൻവർ എംഎൽഎ Google
KERALA

"എംഎൽഎ സ്ഥാനം രാജിവെച്ചത് ആരെയെങ്കിലും എംഎൽഎ ആക്കാനല്ല"; നിലമ്പൂരിൽ സ്ഥാനാർഥിയാകാൻ അൻവർ?

മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർഥിയായി അൻവർ മത്സരിച്ചേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

യുഡിഎഫ് മുന്നണി പ്രവേശ സാധ്യത വി.ഡി. സതീശനുമായുള്ള തുറന്നപോരിൽ ഏറെക്കുറെ അടഞ്ഞതോടെ നിലമ്പൂരിൽ പി.വി. അൻവർ പുതിയ പോർമുഖം തുറക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർഥിയായി അൻവർ മത്സരിച്ചേക്കും. മഞ്ചേരിയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ധാരണയായത്. നാളെ നടക്കുന്ന തൃണമൂൽ സംസ്ഥാന സമിതിയിൽ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന അഭിപ്രായമില്ലെന്ന കടുത്ത പ്രയോഗവും അൻവർ നടത്തി. "ഷൗക്കത്ത് ജയിക്കുമെന്ന അഭിപ്രായം എനിക്കില്ല. ഷൗക്കത്ത് എന്ന വ്യക്തിക്കെതിരായി ഒരുപാട് കാരണങ്ങളുണ്ട്. ഞാൻ മുന്നണിയിൽ പോയാലും ജയിച്ചില്ലെങ്കിൽ തോൽപ്പിച്ചെന്ന് പറയില്ലേ. ഞാൻ എംഎൽഎ സ്ഥാനം രാജിവെച്ചത് ആരെയെങ്കിലും എംഎൽഎ ആക്കാനല്ല" അൻവർ പറഞ്ഞു.

യുഡിഎഫ് പ്രവേശന സാധ്യതയ്ക്ക് മേൽ വെള്ളിടി വീഴ്ത്തി കൊണ്ടാണ്, പി.വി. അൻവർ വി.ഡി. സതീശനെതിരെയും ആഞ്ഞടിച്ചത്. കെ.സി. വേണുഗോപാലുമായുള്ള തൻ്റെ ചർച്ച പൊളിക്കാൻ വി.ഡി. സതീശൻ രാജിഭീഷണി മുഴക്കി. താൻ കൊല്ലപ്പെടുകയോ തുറുങ്കിലാകുകയോ വേണമെന്നാണ് സതീശൻ്റെ ഗൂഢലക്ഷ്യമെന്നും അൻവർ ആരോപിച്ചു.

അതേസമയം, അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്നായിരുന്നു വി.ഡി. സതീശൻ്റെ നിലപാട്. അൻവറിനെ ഒതുക്കാനല്ല മെരുക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. സമവായ ശ്രമത്തിന് ഇറങ്ങിയ രമേശ് ചെന്നിത്തലയും കെ. മുരളീധരനും അൻവറിനെ കൈവിട്ടിരുന്നു. നിർണായകമായ യുഡിഎഫ് നേതൃയോഗവും നാളെ നിലമ്പൂരിൽ ചേരുന്നുണ്ട്.

SCROLL FOR NEXT