പി.വി. അൻവർ 
KERALA

മുഖ്യമന്ത്രി പറഞ്ഞത് സത്യമല്ലേ; ഇപ്പോള്‍ കറിവേപ്പിലയുടെ അവസ്ഥയാണ്: പി.വി. അന്‍വര്‍

ഭക്ഷണം കഴിക്കുമ്പോള്‍, കറിവേപ്പില എടുത്തു മാറ്റി വെക്കുകയാണ് ചെയ്യുക. അതുകൊണ്ട് മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞത് കറക്ട് ആണ്.

Author : ന്യൂസ് ഡെസ്ക്

പിണറായി വിജയന്റെ കറിവേപ്പില പ്രയോഗത്തിന് മറുപടിയുമായി പി.വി. അന്‍വര്‍. മുഖ്യമന്ത്രി പറയുന്നത് ശരിയാണെന്നും താന്‍ ഇപ്പോള്‍ കറിവേപ്പിലയാണെന്നും ഏത് കറിയിലിട്ടാലും നല്ല സ്വാദായിരിക്കുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും നിലവില്‍ തനിക്ക് ഒരു കറിവേപ്പിലയുടെ സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏത് കറിയില്‍ ഇട്ടാലും രുചിയാണ്. നല്ല പോഷക ഗുണം ഉള്ള ചെടി കൂടിയാണ് കറിവേപ്പില. ആ കറിവേപ്പിലയെ പോലെയാക്കിയെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതില്‍ ചെറിയൊരു വസ്തുത ഉണ്ടല്ലോ. ഇപ്പോഴത്തെ എന്റെ പൊസിഷന്‍ കറിവേപ്പിലയാണല്ലോ. ഭക്ഷണം കഴിക്കുമ്പോള്‍, കറിവേപ്പില എടുത്തു മാറ്റി വെക്കുകയാണ് ചെയ്യുക. അതുകൊണ്ട് മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞത് കറക്ട് ആണ്. ഒരു കറിവേപ്പിലയുടെ പൊസിഷനിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

അതേസമയം എല്ലാവരും മികച്ച സ്ഥാനാര്‍ഥികളാണെന്നും അന്‍വര്‍ പറഞ്ഞു. എം. സ്വരാജിനും മത്സരിക്കാനുള്ള അവകാശമുണ്ട്. സ്ഥാനാര്‍ഥി ശക്തനാണോ എന്ന് അറിയണമെങ്കില്‍ 23 വരെ കാത്തിരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

പി.വി. അന്‍വറിനെ പരിഹസിച്ച് ഇന്ന് എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെയായിരുന്നു പരിഹാസം. എല്‍ഡിഎഫിനെ യൂദാസിനെ പോലെ ഒറ്റിക്കൊടുത്ത അന്‍വറിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പരാമര്‍ശം.

കാലുപിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരി എറിയുകയാണ് എന്ന ആരോപണമാണ് യുഡിഎഫിനെക്കുറിച്ച് അതിന്റെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവെരെക്കുറിച്ച് അന്‍വര്‍ പറഞ്ഞത്. തനിക്കെതിരെ ഗൂഢാലോചന വരെ നടക്കുന്നു എന്നുള്‍പ്പെടെ പറഞ്ഞുവെക്കുകയും അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയും പിന്നാലെ രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന അന്‍വറിന്റെ ദയനീയമായ ചിത്രമാണ് കേരളം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഇന്ന് രാവിലെയും വാര്‍ത്താസമ്മേളനം നടത്തിയ പി.വി. അന്‍വര്‍ ഇന്ന് ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നായിരുന്നു യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പറഞ്ഞത്.

SCROLL FOR NEXT