നിലമ്പൂരിലെ ജനവിധിയറിയാൻ ഒരു രാത്രി മാത്രം ബാക്കി നിൽക്കെ മാധ്യമങ്ങളെ കണ്ട് തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. ജയിച്ച് നിയമസഭയിലെത്തുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് അൻവർ. സിപിഐഎം സ്ഥാനാർഥി എം. സ്വരാജ് രണ്ടാം സ്ഥാനത്തും, കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മൂന്നാമതുമെത്തുമെന്നാണ് അൻവറിൻ്റെ പ്രവചനം. പ്രാദേശിക സർവേ നടത്തിയപ്പോൾ ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും പി. വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
വലിയ അളവിൽ ലഭിച്ച ക്രിസ്ത്യൻ വോട്ടുകൾ, ന്യൂ ജനറേഷൻ വോട്ടുകൾ, സ്ത്രീകളുടെ വോട്ടുകൾ എന്നിവ ലഭിക്കും, വിരുന്നുകാർ പോകുമെന്ന പ്രസ്താവന ജനം തിരിച്ചറിഞ്ഞു എന്നിങ്ങനെ നാല് കാരണങ്ങളാണ് നിയമസഭയിലെത്തുമെന്ന് ഉറപ്പിക്കാൻ അൻവർ നിരത്തുന്നത്. ക്രോസ്സ് വോട്ടുകളുണ്ടായിട്ട് പോലും ജയിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പടച്ച തമ്പുരാൻ പ്രാർഥന കേട്ടിട്ടുണ്ടെങ്കിൽ നാളെ നിയമ സഭയിലേയ്ക്ക് എത്തുമെന്നും പി.വി. അൻവർ പറഞ്ഞു.
യുഡിഎഫിനുള്ളിൽ ഷൗക്കത്ത് വിരുദ്ധതയുണ്ടെന്ന സുപ്രധാന പരാമർശവും അൻവർ നടത്തി. ഷൗക്കത്ത് വിരുദ്ധത ഉണ്ടെന്ന കാര്യം നേതൃത്വo അറിഞ്ഞിട്ടില്ലെന്നാണ് അൻവറിൻ്റെ വാദം. എ.പി. അനിൽകുമാറാണ് യഥാർഥ യൂദാസ്. കുഞ്ഞാലിക്കുട്ടിയുൾപ്പടെ ഷൗക്കത്തിനായി ആത്മാർഥമായി പണിയെടുത്തിരുന്നു. നിലമ്പൂരിൽ യുഡിഎഫിന്റെ ബാപ്പമാർ പറഞ്ഞത് മക്കൾ കേട്ടില്ലെന്നും അൻവർ പരിഹാസരൂപേണ പറഞ്ഞു.
യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ ലഭിക്കുന്നതിനാൽ സ്വരാജ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് അൻവറിൻ്റെ പ്രവചനം. താൻ തോറ്റുപോകുമെന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഈ വോട്ടുകൾ സിപിഐഎമ്മിലേക്ക് പോകുന്നതെന്നും അൻവർ പറയുന്നുണ്ട്. തനിക്ക് കിട്ടേണ്ട പതിനായിരം വോട്ടുകൾ സ്വരാജിന് പോകും. അത് സ്വരാജിന് ഓക്സിജൻ ആകുമെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം നാളെ രാവിലെ എട്ട് മണിക്ക് തന്നെ നിലമ്പൂരിലെ വോട്ടെണ്ണൽ ആരംഭിക്കും. 263 ബൂത്തുകളിൽ 14 ടേബിളുകളിലായി 19 റൗണ്ടുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയ നിലമ്പൂരിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും വലിയ വിജയപ്രതീക്ഷയിലാണ് മുന്നണികൾ.