മലപ്പുറം: യുഡിഎഫിനൊപ്പം ചേർത്ത പി.വി. അൻവറിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ബേപ്പൂർ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലാണ് ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചത്. പിണറായിസം അവസാനിപ്പിക്കാൻ പട്ടാമ്പിയുടെ മണ്ണിലേക്ക് പി.വി. അൻവറിന് സ്വാഗതം എന്നാണ് ഒരു ബോർഡിൽ എഴുതിയത്.
തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടാനാണ് പി.വി. അൻവറിൻ്റെ തീരുമാനം. ഫൈറ്റിംഗ് സീറ്റാണ് വേണ്ടതെന്നാണ് അൻവറിൻ്റെ അഭിപ്രായം. ജയം ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലെങ്കിൽ ജയ സാധ്യതയുള്ള സീറ്റ് ആവശ്യപ്പെടും. അതേസമയം, എൽഡിഎഫിൻ്റെ കോട്ടയിൽ മത്സരിക്കേണ്ടതില്ലെന്നാണ് അൻവർ അനുകൂലികളുടെ തീരുമാനം.
ഇന്നലെയാണ് പി.വി. അൻവറിൻ്റെയും സി.കെ. ജാനുവിൻ്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ യുഡിഎഫിൽ തീരുമാനമായത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ നീക്കം. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.