തൃശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ സിജോ ജോയി ( 36 ), ഡിക്സൻ വിൻസൺ ( 33 ), തോംസൺ സണ്ണി (35), എഡ്വിൻബാബു (28) എന്നിവരാണ് അറസ്റ്റിൽ ആയത്. സംഭവത്തിൻ്റെ സൂത്രധാരനും പ്രധാന പ്രതിയും സിജോ ആണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിലും ഗൂഢാലോചനയിലും കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. 21 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ചേർന്ന് രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെയും ഡ്രൈവർ അജീഷിനെയും പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ക്വട്ടേഷന് പിന്നിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് എന്നാണ് സൂചന. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ചുറ്റിക ഉപയോഗിച്ച് സുനിലിൻ്റെ കാറിൻ്റെ ഗ്ലാസ് തകർത്ത ശേഷം വാള് കൊണ്ട് വെട്ടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് കേസിൽ ഏറെ നിർണായകമായത്.