KERALA

സജി ചെറിയാന്റെ കാസര്‍ഗോഡ്-മലപ്പുറം പരാമര്‍ശം ശരിയായില്ല; നേതാക്കള്‍ കുറച്ചു കൂടി പക്വത കാണിക്കണം: റഹ്‌മത്തുള്ള സഖാഫി

"എല്ലാ പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ മണ്ഡലത്തിലെ മതവും സാമൂഹിക സന്തുലിതത്വവും നോക്കാറുണ്ട്"

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: രാഷ്ട്രീയ, മത നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കുറച്ചു കൂടി പക്വത കാണിക്കണമെന്ന് എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. മന്ത്രി സജി ചെറിയാന്റെ കാസര്‍ഗോഡ്, മലപ്പുറം പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു റഹ്‌മത്തുള്ള സഖാഫിയുടെ വിമര്‍ശനം.

'രാഷ്ട്രീയ, മത നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടതുണ്ട്. മന്ത്രി സജി ചെറിയാന്റെ മലപ്പുറം കാസര്‍ഗോഡ് പരാമര്‍ശങ്ങള്‍ അത്ര ശരിയാണെന്ന് തോന്നുന്നില്ല. കൂട്ടത്തില്‍ എറണാകുളവും പാലായും ഇടുക്കിയും കോട്ടയവും ഒക്കെ പറഞ്ഞിരുന്നുവെങ്കില്‍ തെറ്റിദ്ധാരണ വരില്ലായിരുന്നു,' സഖാഫി ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ മണ്ഡലത്തിലെ മതവും സാമൂഹിക സന്തുലിതത്വവും നോക്കാറുണ്ട്. മഞ്ചേരിയില്‍ ബിജെപി പോലും മുസ്ലീം പേരുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയത് മറക്കാറായിട്ടില്ല. ഇതൊക്കെ വര്‍ഗീയതായി വ്യാഖ്യാനിക്കുന്നത് യഥാര്‍ഥ വര്‍ഗീയതയ്ക്ക് വളം നല്‍കലാവില്ലേ എന്നും റഹ്‌മത്തുള്ള സഖാഫി ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോ എന്ന് കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മനസിലാകുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. മലപ്പുറത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേര് വായിച്ചു നോക്കൂ... രാജ്യത്തിന്റെ സ്ഥിതി ഇങ്ങനെ ഒക്കെ ആയി മാറാന്‍ പാടുണ്ടോ? കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി എടുത്ത് നോക്കൂ... ഇവിടെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കി മാറ്റാന്‍ ശ്രമിക്കരുത്.

ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനുമെല്ലാം ഒരമ്മ പെറ്റ മക്കളെ പോലെ ജീവിക്കുന്ന സ്ഥലമാണ് കേരളം. ഇവിടെ എല്ലാവര്‍ക്കും മത്സരിക്കണം. എല്ലാവര്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവകാസമുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

മുസ്ലീം ലീഗ് കേരളത്തില്‍ ഉണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാകാത്തതല്ല. മുസ്ലീം ലീഗ് ഒരു വിഭാഗത്തെ വര്‍ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായി. സജി ചെറിയാന്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസും ലീഗുമടക്കം പറയുകയും ചെയ്തു.

SCROLL FOR NEXT