തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സ്വയം പ്രതിരോധിച്ചും മറുപടിയില്ലാതേയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എഐസിസിയും കെപിസിസിയും കൈയ്യൊഴിഞ്ഞതോടെ രാഹുല്‍ ഇന്നു തന്നെ രാജിവെച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയായിരുന്നു മാധ്യമങ്ങളെ കണ്ടത്.
എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ പ്രതികരിച്ചത് ട്രാന്‍സ്ജന്‍ഡര്‍ യുവതിയായ അവന്തിക ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്. അവന്തിക തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഓഗസ്റ്റ് ഒന്നിന് നടന്ന ചാറ്റാണ് രാഹുല്‍ പുറത്തുവിട്ടത്.
തനിക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി അവന്തിക ഓഗസ്റ്റ് ഒന്നിന് പറഞ്ഞിരുന്നുവെന്നും ഒരു റിപ്പോര്‍ട്ടര്‍ വിളിച്ച് രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായിരുന്നോ എന്ന് ചോദിച്ചതായും അവന്തിക പറയുന്നതാണ് ചാറ്റിലുള്ളത്. റിപ്പോര്‍ട്ടറും അവന്തികയും തമ്മില്‍ സംസാരിക്കുന്ന ഓഡിയോയും രാഹുല്‍ പുറത്തുവിട്ടു. രാഹുലില്‍ നിന്നും യാതൊരു മോശം അനുഭവവും നേരിട്ടിട്ടില്ലെന്നും നല്ല സുഹൃത്താണെന്നുമാണ് അവന്തിക റിപ്പോര്‍ട്ടറോട് പറയുന്നത്.
എന്നാല്‍ ഇതിനു വിപരീതമായാണ് പിന്നീട് അവന്തിക ആരോപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞതായും അവന്തിക പറഞ്ഞിരുന്നു.
അവന്തികയുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് സമര്‍ത്ഥിക്കുക മാത്രമാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ ചെയ്തത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതടക്കം മറ്റൊരു യുവതിയുമായി പുറത്തുവന്ന ഓഡിയോ റെക്കോര്‍ഡുകള്‍ക്കൊന്നും മറുപടി നല്‍കിയില്ല. ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ, തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് രാഹുല്‍ രംഗം വിടുകയായിരുന്നു.