പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും റിമാൻഡിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിനെ മാവേലിക്കര ജയിലിലേക്ക് കൊണ്ടുപോയി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയിലാണ് രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
മൂന്ന് ദിവസമായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പതിനൊന്നരയോടെ വൈദ്യ പരിശോധന പൂർത്തിയാക്കി. വൈദ്യ പരിശോധന കഴിഞ്ഞതോടെ രാഹുലിനെ എആർ ക്യാമ്പിലേക്ക് തിരികെ കൊണ്ടുവന്നു. അവധി ദിവസമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ആയിരിക്കും രാഹുലിനെ ഹാജരാക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതിഷേധം, ഇന്ന് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഉണ്ടായില്ല. രാഹുലിൻ്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ വിശദ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധർക്ക് കൈമാറി. സ്വകാര്യ ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും, അത് പൊലീസ് നശിപ്പിക്കുവാൻ ഇടയുണ്ടെന്നും രാഹുൽ അന്വേഷണസംഘത്തോടെ പറഞ്ഞു.
പൊലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാനായി രാഹുലിന്റെ അടുത്ത ബന്ധുക്കളെയും സമീപിച്ചിരുന്നു. അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കുവാനും പൊലീസ് ആലോചിക്കുന്നുണ്ട്. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാളെ രാഹുലിനെ ഹാജരാക്കും. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും അറസ്റ്റ് നിയമവിരുദ്ധമാണ് എന്ന് സ്ഥാപിക്കുവാൻ പ്രതിഭാഗത്തിന് സാധിച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.