KERALA

ഒരു നേതാവിനെയും കണ്ടിട്ടില്ല, പാർട്ടിയെ ധിക്കരിച്ചിട്ടില്ല; പരിപൂർണമായി പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ

സസ്പെൻഷൻ കാലവധിയിൽ ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നതിൽ വ്യക്തമായ ബോധ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് എത്തിയത് പാർട്ടിയെയോ ഒരു നേതാവിനെയോ ധിക്കരിച്ചല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുത്താൽ അതിനെ ധിക്കരിക്കുന്ന ഒരു പ്രവർത്തകനല്ല താനെന്നും സസ്പെൻഷനിലാണെങ്കിലും പരിപൂർണമായി പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സസ്പെൻഷൻ കാലവധിയിൽ ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നതിൽ വ്യക്തമായ ബോധ്യമുണ്ട്. ഒരു നേതാവിനെയും വ്യക്തിപരമായി കണ്ടിട്ടില്ല. ആരും അനുവാധം നിഷേധിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ വസ്തുത പരിശോധിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.

"ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിൻ്റെ സാങ്കേതികത്വത്തെപ്പറ്റി പറയാൻ ഇല്ല. ഞാൻ എറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് പിണറായി സർക്കാരിൻ്റെ കാലത്താണ്. അതുകൊണ്ട് തന്നെ ആ അന്വേഷണത്തിൽ എനിക്ക് ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഉറപ്പുണ്ട്. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ കൊന്നുതിന്നാൻ നിൽക്കുന്ന സർക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൻ്റെ ഓരേ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കും", രാഹുൽ മാങ്കൂട്ടത്തിൽ.

അതേസമയം, ലൈം​ഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശം ആരുടേതാണെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിലിന് കൃത്യമായ മറുപടിയില്ല. കേസിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൻ്റെ പരിതിയിൽ ഇരിക്കുമ്പോൾ അത്തരം കാര്യങ്ങളെല്ലാം നിയമത്തിൻ്റെ പരിധിയിലാണെന്നുള്ള മറുപടി മാത്രം നൽകി തടിതപ്പുകയാണ് ഇന്നും ചെയ്തത്.

SCROLL FOR NEXT