കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ആദ്യ പരാതിക്കാരി ഹൈക്കോടതിയിൽ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. രാഹുലും പരാതിക്കാരിയും നടത്തിയ ചാറ്റുകളും കോടതിയിൽ സമർപ്പിച്ചു. രാഹുൽ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു എന്നും, ആ വീഡിയോ ഇപ്പോഴും രാഹുലിൻ്റെ ഫോണിൽ ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയപ്പെടുന്നുവെന്നും രാഹുലിന് ജാമ്യം നൽകരുതെന്നും അവർ കോടതിയെ അറിയിച്ചു.
രാഹുൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ടെന്നും, അതിൽ ഒന്നിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടെന്ന് പരാതിക്കാരി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. രാഹുലിൻ്റെ ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരി ഇത്തരമൊരു ഹർജി കോടതിയിൽ സമർപ്പിച്ചത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ രാഹുൽ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. കേസിൽ രാഹുലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.