രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

"ഇവിടെ ഉണ്ടാവാതിരിക്കാന്‍ ആവില്ലാല്ലോ..."; ഒരിടവേളയ്ക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിനെതിരെ അനൗണ്‍സ്മെന്‍റ് പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ചൂല് ഉയര്‍ത്തി പ്രതിഷേധിച്ച് ബിജെപിയും രംഗത്തെത്തി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ ഒരു മാസത്തെ ഇടവേളക്ക് ശേഷം മണ്ഡലത്തിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സ്വകാര്യ സന്ദര്‍ശനങ്ങൾക്ക് ശേഷം വൈകീട്ടോടെ രാഹുല്‍, എംഎല്‍എ ഓഫീസിലെത്തി. മണ്ഡലത്തില്‍ ഉണ്ടാവാതിരിക്കാന്‍ ആവില്ലല്ലോ എന്നായിരുന്നു രാഹുലിന്‍റെ ആദ്യ പ്രതികരണം. രാഹുലിനെതിരെ അനൗണ്‍സ്മെന്‍റ് പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ചൂല് ഉയര്‍ത്തി പ്രതിഷേധിച്ച് ബിജെപിയും രംഗത്തെത്തി.

കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് ലൈംഗികാരോപണ വിവാദങ്ങളില്‍ കുടുങ്ങിയ ശേഷമുള്ള രാഹുലിന്‍റെ മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്. കഴിഞ്ഞ മാസം 17 നാണ് രാഹുല്‍ അവസാനമായി മണ്ഡലത്തിലെത്തി അടൂരിലെ വീട്ടിലേക്ക് മടങ്ങിയത്. 20 ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗിക ആരോപണം പുറത്ത് വന്നു.

രാഹുൽ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പുറത്ത് വന്നതോടെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും പാര്‍ട്ടിയില്‍ പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീട് മണ്ഡലത്തിലേക്ക് തിരികെയെത്താന്‍ രാഹുല്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയോടെ പാലക്കാടെത്തിയ രാഹുല്‍ വൈകിട്ട് വരെ സ്വകാര്യ സന്ദര്‍ശനങ്ങളാണ് നടത്തിയത്. ആദ്യം കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡൻ്റായിരുന്ന സേവിയറിൻ്റെ സഹോദരന്‍ ജോണ്‍സന്‍റെ സെല്‍വപാളയത്തെ മരണവീട്ടിലേക്ക് പോയി. ശേഷം ഇന്നലെ അന്തരിച്ച മുൻ കെപിസിസി സെക്രട്ടറി പി.ജെ. പൗലോസിന്‍റെ വിലാപയാത്രയെ അനുഗമിച്ച് വീട്ടിലേക്ക് തിരിച്ചു. വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല.

ഷാഫി പറമ്പിലിന്‍റെ വിശ്വസ്തൻ സി. ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള നേതാക്കളുടെ പിന്തുണയോടെയാണ് മണ്ഡലത്തിലേക്കുളള രാഹുലിന്‍റെ മടങ്ങിവരവ്. യൂത്ത് കോണ്‍ഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും ജില്ലാ പ്രസിഡന്‍റുമാരും പിന്തുണയുമായി രാഹുലിനൊപ്പം നിന്നു. ഇടക്ക് വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് മാറ്റി വെച്ചായിരുന്നു യാത്ര. നാലരയോടെ രാഹുല്‍ പാലക്കാട് എംഎല്‍എ ഓഫീസിലേക്ക് എത്തി. കാണാനെത്തിയ ചിലരുടെ കൈയ്യില്‍ നിന്ന് നിവേദനം വാങ്ങുകയും പ്രവര്‍ത്തകരോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. മണ്ഡലത്തില്‍ തന്നെ കാണുമെന്നും വിശദമായി സംസാരിക്കുമെന്നും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിയുടെ ഭാഗമല്ലെന്ന് നേതൃത്വം പറയുമ്പോഴും കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെയാണ് അഭിവാദ്യം ചെയ്തത്. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തി.

അതേസമയം വ്യത്യസ്ത പ്രതിഷേധങ്ങളും പാലക്കാട്ട് ഇന്ന് കണ്ടു. രാഹുലിനെതിരെ അനൗണ്‍സ്മെന്‍റ് നടത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ചൂലുമായെത്തി മഹിളാ മോര്‍ച്ചയും പ്രതിഷേധിച്ചു. കൂടുതൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് രാഹുലിന്റെ ഓഫീസിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT