പി.വി. അൻവർ Facebook
KERALA

രാഹുൽ മാങ്കൂട്ടത്തിൽ പിണറായിസത്തിൻ്റെ ഇര, വീട്ടിൽ വന്നത് കാത്തിരിക്കാൻ പറയാൻ: പി.വി. അൻവർ

താൻ രാജിവച്ചത് തനിക്ക് മത്സരിക്കാൻ വേണ്ടിയല്ല, താൻ യുഡിഎഫിന് വഴി തുറന്നു കൊടുക്കുകയായിരുന്നുവെന്നും അൻവർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് പി.വി. അൻവർ. മറ്റ് താത്പര്യങ്ങൾക്ക് വഴങ്ങിയാണ് സർക്കാരും സിപിഎമ്മും പ്രവർത്തിക്കുന്നത് എന്നാണ് താൻ പറഞ്ഞത്. അത് തിരുത്തണം എന്നാണ് താൻ ആവശ്യപ്പെട്ടത്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. താൻ രാജിവച്ചത് തനിക്ക് മത്സരിക്കാൻ വേണ്ടിയല്ല, താൻ യുഡിഎഫിന് വഴി തുറന്നു കൊടുക്കുകയായിരുന്നുവെന്നും അൻവർ പറഞ്ഞു.

എവിടെ സീറ്റ് തരും എന്ന് താൻ യുഡിഎഫിനോട് ചോദിച്ചതാണ്. യുഡിഎഫ് തീരുമാനം വി.ഡി. സതീശൻ പ്രഖ്യാപിച്ചില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയെ തള്ളിയാണ് സതീശൻ പ്രഖ്യാപനം ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോഴും അസോസിയേറ്റ് അംഗത്വം പ്രഖ്യാപിച്ചില്ല. യുഡിഎഫ് നേതൃത്വം സതീശനെ തള്ളിയതാണ് പലതവണ. ആര്യാടൻ ഷൗക്കത്തിനെക്കാൾ വിജയസാധ്യത വി.എസ്. ജോയിക്കാണെന്ന് ഘടക യുഡിഎഫ് കക്ഷി നേതാക്കൾക്കുണ്ടെന്നും അൻവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ പിണറായിസത്തിൻ്റെ വലിയ ഇരയാണെന്നും അൻവർ പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ടത് നിങ്ങൾ കാത്തിരിക്കണം എന്നാണ്. പാലക്കാട് രാഹുലിന് താൻ പിന്തുണ നൽകിയതാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുൽ തന്നെ കണ്ട് പിന്തുണ അഭ്യർഥിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു. അൻവറിനെ യുഡിഎഫിൽ അടുപ്പിക്കാത്തതിന് പുറകിൽ പിണറായി വിജയൻ ആണെന്നും ഇടനിലക്കാരൻ വഴിയാണ് അത് നടപ്പാക്കുന്നതെന്നും അൻവർ പറഞ്ഞു.

ആര്യാടൻ ഷൗക്കത്ത് 2016ൽ തോറ്റത് നിലമ്പൂരിലെ ജനങ്ങളുടെ വികാരമാണ്. അത് ഇപ്പോഴും വർധിച്ചിരിക്കുകയാണ്. നിലമ്പൂരിലെ വ്യാപാരികളിൽ നിന്ന് വലിയ പണപ്പിരിപ് നടത്തിയാണ് എല്ലാ വർഷവും പരിപാടികൾ നടത്തുന്നത്. മുസ്ലീം സമുദായത്തിൻ്റെ പിന്തുണ ഷൗക്കത്തിന് ലഭിക്കില്ല. മലപ്പുറം ജില്ലയിൽ യുഡിഎഫിൽ കഴിഞ്ഞ എട്ട് വർഷമായി പ്രശ്നങ്ങൾ ഇല്ലാത്തത് ഷൗക്കത്ത് നേതൃനിരയിൽ ഇല്ലാത്തതുകൊണ്ടാണ്. ന്യൂനപക്ഷങ്ങൾക്കെതിരയുള്ള കഥയായതുകൊണ്ടാണ് ഷൗക്കത്തിന് ദേശീയ അവാർഡ് ലഭിച്ചതെന്നും, പൊതു സമൂഹം തള്ളിയ വ്യക്തിത്വമാണ് ഷൗക്കത്തെന്നും അൻവർ പറഞ്ഞു. ശബരിമല വിഷയത്തിൽ മതവികാരത്തെ വ്രണപ്പെടുത്തിയ ആളാണ് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജെന്നും അൻവർ പറഞ്ഞു.

നിലമ്പൂരിൽ അങ്കത്തിനൊരുങ്ങിയിരിക്കുകയാണ് പി.വി. അൻവർ. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകി. നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ടിഎംസി നിർദേശിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാമെന്ന് അൻവർ അറിയിച്ചു.

SCROLL FOR NEXT