കാസർഗോഡ്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനിടെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ നീക്കം നടക്കുന്നതായി രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. വരുമാനം നൽകുന്ന നാഗർകോവിലിനെ മധുര ഡിവിഷനിലേക്കും, പാലക്കാട് ഡിവിഷനിൽ നിന്ന് പൊള്ളാച്ചി സ്റ്റേഷനെയും എടുത്തുമാറ്റാൻ നീക്കം നടക്കുന്നതായും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
വിഷയത്തിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചു നിൽക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നു. അതേ സമയം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. അതിനിടെ ഡിവിഷന്‍ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ജീവനക്കാരും പ്രതിഷേധത്തിന് ഇറങ്ങിയിട്ടുണ്ട്.