സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം Source: News Malayalam 24x7
KERALA

മഴ തുടരും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം

കോഴിക്കോട് വിലങ്ങാട് ഉരുട്ടി ഭാഗത്ത് വൻ ചുഴലിക്കാറ്റ്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശും. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശവും നാല് ദിവസത്തേക്ക് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

സംസ്ഥാനത്ത് അതിതീവ്രമഴയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് വിലങ്ങാട് ഉരുട്ടി ഭാഗത്ത് വൻ ചുഴലിക്കാറ്റ്. പാറക്കടവ്, വാണിമേൽ, മൊകേരി, നാദാപുരം ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ മരം വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചിട്ടുണ്ട്. ആറളം പുനരധിവാസ മേഖലയിൽ 11,13 ബ്ലോക്കുകളിൽ വെള്ളം കയറി. കുയിലൂരിൽ റോഡരികിൽ നിർത്തിട്ട കാറിനു മുകളിൽ മരം വീണു. കുയിലൂരിലെ അനൂപിന്റെ കാറിന് മുകളിലാണ് മരം വീണത്.

അതിശക്തമായ മഴയിൽ ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണ് ഡ്രൈവർ മരിച്ചു. 2018ലെ പ്രളയത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ മൂന്നാർ ഗവൺമെന്റ് കോളജ് പ്രദേശത്താണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായി ലോറിക്ക് മേൽ പതിച്ചത്. മൂന്നാർ അന്തോണിയാർ കോളനി സ്വദേശിയായ ഗണേശനാണ് മരിച്ചത്. മണ്ണിടിച്ചിലിൽ ലോറി തെന്നിമാറി താഴ്ചയിലേക്ക് പതിച്ചു. മറ്റു വാഹനങ്ങളിൽ എത്തിയവരാണ് അപകടം തിരിച്ചറിഞ്ഞത്.

വയനാട് മക്കി മലയിൽ തടയണ തകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മക്കി മലയിൽ സ്വകാര്യ എസ്റ്റേറ്റിലെ തടയണ രൂപത്തിൽ നിർമ്മിച്ച ഭീമൻ കുളം കനത്ത മഴയിൽ നിറഞ്ഞ് അപകടഭീഷണി ഉയർത്തുന്നുണ്ട്. നിർമാണ സമയത്തുതന്നെ വലിയ പ്രതിഷേധമുയർന്നെങ്കിലും എസ്റ്റേറ്റ് ഉടമ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. നിരവധി കുടുംബങ്ങളാണ് കുളത്തിന്റെ 200 മീറ്റർ താഴെ കഴിയുന്നത്. കുളം ഒരു ഭാഗം തകർന്നാൽ വൻ ദുരന്തം ആയിരിക്കും ഉണ്ടാവുക. വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ്‌ പെയ്യുന്നത്.

SCROLL FOR NEXT