തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. മധ്യ - തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിച്ചുണ്ട്. തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. മലയോര മേഖലകളിൽ ഇടിമിന്നലും കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കന്യകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.