കേരള സർവകലാശാലയിൽ 'ഭാരതാംബ' ചിത്രത്തിന് മുന്നിൽ ദീപം തെളിയിക്കുന്ന ഗവർണർ Source: News Malayalam 24x7
KERALA

ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ രജിസ്ട്രാർ തടസം സൃഷ്ടിച്ചത് എന്തിന്? ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ

ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ രജിസ്ട്രാർ തടസം സൃഷ്ടിച്ചത് എന്തിനെന്ന് കത്തിലൂടെ വിശദീകരണം തേടും.

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാല സെനറ്റ് ഹാളിലെ 'ഭാരതാംബ' വിവാദത്തിൽ വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ. ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ രജിസ്ട്രാർ തടസം സൃഷ്ടിച്ചത് എന്തിനെന്ന് കത്തിലൂടെ വിശദീകരണം തേടും.

കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാലയിലെ സെനറ്റ് ഹാളിൽ 'ഭാരതാംബ'യുടെ ചിത്രം വെച്ചതിനെ തുടർന്ന് സംഘർഷമുണ്ടായത്. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിലാണ് 'ഭാരതാംബ' ചിത്രം വെച്ചത്. ചിത്രം വെച്ചതിനെ തുടർന്ന് എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അവഗണിച്ച് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. 'ഭാരതാംബ' ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തിയാണ് പരിപാടി ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്തെ ഓർമിക്കുന്ന പരിപാടിയിൽ, പ്രതിഷേധം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചോദിച്ചിരുന്നു.

അതിനിടെയാണ് 'ഭാരതാംബ' ചിത്രം വേദിയിൽ വച്ചിരിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കേരള സർവ്വകലാശാല രജിസ്ട്രാർ പ്രതികരിച്ചത്. നിയമാവലിയിൽ അത് പ്രതിപാദിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കുമെന്ന് സംഘാടകർ ഒപ്പിട്ടു നൽകിയിരുന്നു. അതുകൊണ്ടാണ് വേദി വിട്ടുനൽകിയത്. ആ കരാറിലുള്ള ലംഘനമാണ് ഇപ്പോൾ നടന്നതെന്നും രജിസ്ട്രാർ പറഞ്ഞു. സെനറ്റ് ഹാൾ അനുവദിച്ച് സർവ്വകലാശാല രജിസ്ട്രാർ ശ്രീപത്മനാഭ സേവാ സമിതിക്ക് നൽകിയ കത്തും രജിസ്ട്രാർ പുറത്തുവിട്ടു. അതിൽ സർവകലാശാലയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും മതപരമായ പ്രസംഗങ്ങൾ പ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു.

അതേസമയം, പ്രതിഷേധം തുടരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ. 'ഭാരതാംബ' ചിത്രം ഇല്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ല എന്ന തീരുമാനം ഗവർണർ പരിപാടിക്ക് മുൻപ് സംഘാടകരെ അറിയിച്ചിരുന്നു.

SCROLL FOR NEXT