V. Sivankutty, Rajendra Arlekar  Source: facebook
KERALA

"മന്ത്രി ശിവൻകുട്ടി ​ഗവർണറെ അപമാനിച്ചു, പ്രോട്ടോക്കോൾ ലംഘിച്ചു"; രൂക്ഷവിമർശനവുമായി രാജ്ഭവൻ

ഗവർണറുള്ള ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയത് കടുത്ത പ്രോട്ടോക്കോൾ ലംഘനവും ഗവർണറുടെ ഓഫീസിനോടുള്ള കടുത്ത അപമാനവുമാണെന്നും രാജ്ഭവൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഭാരതാംബ വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിക്കുന്ന വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ്റെ അസാധാരണ നടപടി. ഗവർണറുള്ള ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയത് കടുത്ത പ്രോട്ടോക്കോൾ ലംഘനവും ഗവർണറുടെ ഓഫീസിനോടുള്ള കടുത്ത അപമാനവുമാണ്. ഇത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഉപയോഗിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്.

"ഭരണഘടനാ തലവനാണ് ഗവർണർ. ഭരണഘടനയോടുള്ള കൂറ് പ്രഖ്യാപിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഈ മോശം പെരുമാറ്റത്തിലൂടെ ഗവർണറുടെ ഓഫീസിന് പുറമേ ഗവർണറെയും വ്യക്തിപരമായി അപമാനിച്ചു. ഗവർണർ വേദി വിട്ടുപോകുന്നതുവരെ പുറത്തുപോകാൻ ഗവർണറുമായി വേദി പങ്കിടുന്നവർക്ക് വിലക്കുണ്ടെന്നിരിക്കെ മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനവും ഗവർണറുടെ ഓഫീസിനോടുള്ള കടുത്ത അപമാനവുമാണ്. മന്ത്രിയുടെ അപ്രതീക്ഷിത ഇറങ്ങിപ്പോകൽ ഗവർണറോട് പറയുക പോലും ചെയ്തില്ല. ഇത് തെറ്റായ കീഴ്‍വഴക്കമാണ്", രാജ്ഭവൻ കുറ്റപ്പെടുത്തി.

മന്ത്രിയിൽ നിന്നും ഗവർണറിൽ നിന്നും അവാർഡുകൾ സ്വീകരിക്കാൻ എത്തിയ അച്ചടക്കമുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ മുന്നിൽ വച്ചുണ്ടായ മന്ത്രിയുടെ 'പ്രകടനം' അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അതുവഴി, വിദ്യാർഥികൾക്ക് മുന്നിൽ തെറ്റായ ഒരു മാതൃക സൃഷ്ടിക്കുന്നതിന് പുറമേ, മന്ത്രി വിദ്യാർഥികളെയും അപമാനിച്ചുവെന്നും ഈ സംഭവവികാസങ്ങളെ രാജ്ഭവൻ അതീവ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. ഇത്തരം പരിപാടികളില്‍ രാഷ്ട്രീയ ബിംബങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവർണർ കാണിക്കുന്നത് അഹങ്കാരമാണെന്നും മന്ത്രി പറഞ്ഞിരുന്നു. തന്റെ രാജ്യം ഇന്ത്യയാണെന്നും അതിന്റെ നട്ടെല്ല് ഭാരണഘടനയാണെന്നും അതിനു മുകളില്‍ മറ്റൊരു സങ്കല്‍പ്പവുമില്ലെന്നും വ്യക്തമാക്കിയ ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വേദി വിട്ടത്.

SCROLL FOR NEXT