അച്ചടക്ക നടപടി നിഷേധിക്കാതെ രാജീവ് ചന്ദ്രശേഖർ 
KERALA

ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്ന് പേർക്കെതിരായ അച്ചടക്ക നടപടി നിഷേധിക്കാതെ രാജീവ് ചന്ദ്രശേഖർ

പുറത്തു വന്നിട്ടുള്ള സർക്കുലർ വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖർ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നതിൽ അച്ചടക്ക നടപടി സ്വീകരിച്ചെന്ന വാർത്ത നിഷേധിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നടപടികൾ പൊതുസമൂഹത്തെ അറിയിക്കേണ്ടതില്ലെന്നാണ് വിശദീകരണം.

അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന തരത്തിൽ പുറത്ത് വന്നിട്ടുള്ള സർക്കുലർ വ്യാജമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ടവരുടെ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. മൂന്ന് ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി എടുത്തുവെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്രചാരണം വരെയുളള കാര്യങ്ങളിൽ ക്രമക്കേട് നടത്തി നേതാക്കൾ കോടികൾ തട്ടിയെടുത്തതായാണ് ബിജെപി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ ഓഡിറ്റിങ് സംഘം കണ്ടെത്തിയത്.

കൊടിയും, ചിഹ്നവും കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയിട്ടും അതിൻ്റെ പേരിൽ തിരുവനന്തപുരത്തെ വനിതാ നേതാവ് കോടികളാണ് തട്ടിയെടുത്തത്. തിരുവനന്തപുരത്തെ മറ്റൊരു നേതാവ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ലക്ഷപ്രഭുവായി. സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ചു.

സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാൾ 17 ലക്ഷം രൂപയുടെ കാർ ഇഎംഐ ഇല്ലാതെ റൊക്കം കാശിന് സ്വന്തമാക്കി. ഏലം വിറ്റ് കാർ വാങ്ങിയെന്നായിരുന്നു വിശദീകരണം. ദേശീയ നേതാക്കളും താരപ്രചാരകരും വന്നപ്പോൾ ഹോട്ടലും സൗകര്യങ്ങളും ഒരുക്കിയതിൻ്റെ പേരിലും ലക്ഷങ്ങൾ തട്ടിച്ചു.

100 മണിക്കൂർ പറക്കാൻ വേണ്ടി ഹെലികോപ്ടർ വാടകക്ക് എടുത്ത വകയിലും പണം മുക്കി. ഡ്രോൺ ഷോ നടത്താമെന്ന് പറഞ്ഞും, പോഡ്കാസ്റ്റ് ചെയ്യാനുമായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തട്ടിപ്പും വെട്ടിപ്പും കണ്ട് ഞെട്ടിയ കേന്ദ്ര നേതൃത്വം കൂടുതൽ നടപടിയാണ് മുന്നോട്ട് വച്ചിട്ടുള്ളത്.

SCROLL FOR NEXT