KERALA

കെ. സുധാകരനെതിരെ നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; മഴ കഴിഞ്ഞാലും മരം പെയ്യുമെന്ന് സണ്ണി ജോസഫ്

കെപിസിസിയുടെ വിലക്ക് മറികടന്നുള്ള പരസ്യ പ്രസ്താവനയിൽ നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഉന്നമിട്ടുള്ള വിമർശനത്തിൽ കെ. സുധാകരനെ കടന്നാക്രമിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെപിസിസിയുടെ വിലക്ക് മറികടന്നുള്ള പരസ്യ പ്രസ്താവനയിൽ നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. "കെ. സുധാകരനും ജെബി മേത്തറും പാർട്ടി വിലക്ക് ലംഘിച്ചതിൽ നടപടി വേണം. സുധാകരന്റെ നീരസം ഞാൻ കണ്ടു. പാർട്ടി വേദികളിൽ അദ്ദേഹത്തിന് ഇത് ഉന്നയിക്കാവുന്നതാണ്. ഭരണം കിട്ടി നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോൾ പരസ്യമായി ഇത്തരം കാര്യങ്ങളുമായി രംഗത്ത് വരുന്നത് ആരുടെ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് വ്യക്തമാക്കണം. പ്രസ്താവനയ്ക്ക് കെപിസിസി പ്രസിഡന്റിന്റെ വിലക്കുള്ളതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല", രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഇ.ഡിയെ കുറിച്ചു കേന്ദ്ര അന്വേഷണം ഏജൻസികളെ കുറിച്ചും നല്ല ധാരണ കോൺഗ്രസിനുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതാക്കളെ അകാരണമായി അപമാനിച്ചവരാണ് അവർ. പിണറായിയുടെ കേസ് അവസാനിച്ചിട്ടില്ല. സുപ്രീം കോടതിയുടേത് താൽക്കാലിക ആശ്വാസ വിധി മാത്രമാണ്. കേസ് മുന്നോട്ടു പോകുമെന്നും നിയമപരമായി മാത്രമേ സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയുള്ളൂ എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം, വി.ഡി. സതീശനെ ഉന്നമിട്ടുള്ള കെ. സുധാകരന്റെ വിമർശനത്തിൽ ഒഴിഞ്ഞുമാറി മന്ത്രി സണ്ണി ജോസഫ്. സുധാകരന്റെ വിമർശനം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തതായിട്ടാണ് താന്‍ മനസ്സിലാക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. മുതിർന്ന നേതാവായ സുധാകരൻ പരാമർശം പിൻവലിച്ചു. മഴ കഴിഞ്ഞാലും മരം പെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഭരണപക്ഷത്തു നിന്നും ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. അതിനെ പരസ്യപ്പെടുത്തുന്നതിനെയാണ് ഞാൻ നിരുത്സാഹപ്പെടുത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതിലാണ് രൂക്ഷവിമർശനവുമായി കെ. സുധാകരൻ രം​ഗത്തെത്തിയത്. കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്ന് കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ കരകയറ്റാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് ലഭിച്ചതെന്താണെന്ന് കെ. സുധാകരന്‍ ചോദിച്ചു. ഒരു ന്യായവും ഇല്ലാതെ പദവിയിൽ നിന്നും നീക്കി. അതിനായി ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കം അറിഞ്ഞപ്പോൾ ദുഖം തോന്നി. സർക്കാരിന് വേണ്ടത് സ്തുതിപാടകരെ അല്ലെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് സുധാകരന്റെ തുറന്ന് പറച്ചില്‍. വീഡിയോ പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

SCROLL FOR NEXT