രമേശ് ചെന്നിത്തല 
KERALA

"കാരവനിൽ കയറി പരിശോധിക്കില്ലെന്ന് ആരും കരുതേണ്ട"; ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം നിർത്തണമെന്ന് രമേശ് ചെന്നിത്തല

ലഹരി പരിശോധനയിൽ ആർക്കും ഇളവ് ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി ഉപയോഗം തടയാൻ കർശന നടപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനിൽ കയറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. പരിശോധനയിൽ ആർക്കും ഇളവ് ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലഹരി സംഘങ്ങളെ കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തു വിടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം നിർത്തണം. ഇല്ലെങ്കിൽ കടുത്ത ശിക്ഷയാവും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറായി ഇൻ്റലിജൻസ് ഐജി പുട്ട വിമലാദിത്യനെ ആഭ്യന്തരമന്ത്രി നിയമിച്ചു. കേരളത്തിൻ്റെ മണ്ണിൽ മയക്കുമരുന്ന് ശൃംഖലയെ വാഴാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ശക്തമായ നടപടികൾക്ക് പൊലീസിനും എക്സൈസിനും പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മയക്കുമരുന്നിൻ്റെ അടിവേര് അറുക്കാൻ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ തൂഫാൻ-ദ നർകോ ഹണ്ട് പദ്ധതി. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക ആണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജൂൺ ഒന്ന് മുതലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതോ വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന നിർദേശം പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

SCROLL FOR NEXT