Source: News Malayalam 24x7
KERALA

"ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തതാണ് സുധാകരനോട് സിപിഐഎം ചെയ്തത്"; പിന്തുണയിൽ ആലോചിച്ച് തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി സുധാകരനെ വേട്ടയാകുയാണെന്ന് രമേശ് ചെന്നിത്തല...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ആറ് പതിറ്റാണ്ടിൻ്റെ കമ്മ്യൂണിസ്റ്റ് ജീവിതം അവസാനിപ്പിച്ച് ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരൻ്റെ അതിനിർണായക പ്രഖ്യാപനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ.

സുധാകരൻ പറഞ്ഞതെല്ലാം സിപിഐഎം നേതൃത്വത്തെ വെട്ടിലാക്കുന്ന കാര്യങ്ങളാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹത്തിൻ്റെ നീക്കങ്ങൾ ഗൗരവത്തോടെയാണ് യുഡിഎഫ് വീക്ഷിക്കുന്നത്. ജി. സുധാകരന്റെ വിഷയത്തിൽ കോൺഗ്രസും യുഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും. പിന്തുണ നൽകുന്നതിൽ ചർച്ച പിന്നീട് നടക്കും. താൻ സുധാകരനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

സുധാകരനോട് പാർട്ടി ചെയ്തത് കടുത്ത അനീതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രാഷ്ട്രീയ ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ആലപ്പുഴ ജില്ലയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തത്. അദ്ദേഹത്തെയും പിതാവിനെയും കുറിച്ച് വളരെ മോശമായി സംസാരിച്ചവർക്കെതിരെ പോലും നടപടിയെടുക്കാത്തത് അദ്ദേഹത്തിന് വലിയ വേദനയുണ്ടാക്കിയതായി തന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി സഖാക്കൾ സുധാകരനെ വേട്ടയാകുയാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയെങ്കിലും അദ്ദേഹത്തോട് വലിയ വ്യക്തിബന്ധമുണ്ട്. അദ്ദേഹത്തെ ബ്രാഞ്ചിലേക്ക് വരെ തരംതാഴ്ത്തിയ നടപടി കേരളം കണ്ടതാണ്. സുധാകരനെ പിന്തുണയ്ക്കുന്നത് കോൺഗ്രസും യുഡിഎഫും ആലോചിക്കും. കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. സുധാകരൻ നിയമസഭയിൽ വേണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

സുധാകരനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുമെന്ന് യുഡിഎഫ് അധ്യക്ഷൻ അടൂർ പ്രകാശ് പറഞ്ഞു. വിസ്മയങ്ങൾ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് വരുന്നു. കെ.സി. വേണുഗോപാൽ സുധാകപനുമായി സംസാരിച്ചത് വ്യക്തിബന്ധം വച്ചാണ്. കൂട്ടായ ആലോചന നടക്കും. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

SCROLL FOR NEXT