വിഎസ്, രമേശ് ചെന്നിത്തല Source: News Malayalam 24x7
KERALA

പരുക്കനാണെന്ന് തോന്നുമെങ്കിലും അടുത്തറിഞ്ഞാൽ വിഎസിൻ്റെ മനശുദ്ധിയറിയാനാകും: രമേശ് ചെന്നിത്തല

വിഎസിൻ്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നത് ഞാൻ എന്നും ഓർമിക്കുമെന്നും ചെന്നിത്തല

Author : ന്യൂസ് ഡെസ്ക്

കുട്ടിക്കാലം മുതൽ അടുത്തറിയുന്ന നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരേ ജില്ലക്കാർ എന്നതിലുപരിയായി, ആലപ്പുഴയുമായി ബന്ധപ്പെട്ട എല്ലാ ആളുകൾക്കും വിഎസുമായി ഒരു വൈകാരിക അടുപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ആദ്യമായി അദ്ദേഹത്തെ കാണുന്നത് ആലപ്പുഴയിലെ ഒരു പൊതുയോ​ഗവുമായി ബന്ധപ്പെട്ടാണ്. അന്ന് അദ്ദേഹം വളരെ ഉറക്കെയാണ് സംസാരിക്കുക. ആലപ്പുഴക്കാരെന്ന നിലയിൽ ഞങ്ങളോട് അദ്ദേഹത്തിന് എന്നും വാത്സല്യമുണ്ടായിരുന്നു. നിലപാടുകളിൽ കാർക്കശ്യമുണ്ടായിരുന്നു. പ്രത്യയശാസ്ത്രപരമായി അഭിപ്രായങ്ങളിൽ ഭിന്നതകളും ഉണ്ടായിരുന്നെങ്കിലും നല്ല ഒരു മനുഷ്യ സ്നേഹിയാണ് അദ്ദേഹത്തെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

"കാണുമ്പോഴെല്ലാം നല്ല സൗഹൃദം പുലർത്താറുണ്ട്. കണ്ടാൽ പരുക്കനാണെന്ന് തോന്നുമെങ്കിലും അടുത്തറിഞ്ഞാൽ വിഎസിൻ്റെ മനശുദ്ധി നമുക്ക് മനസിലാക്കാൻ കഴിയും. ഞാൻ ആഭ്യന്തര മന്ത്രിയും, കെപിസിസി പ്രസിഡൻ്റുമായിരുന്ന കാലത്തൊക്കെ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ആ സംസാരങ്ങളെല്ലാം വളരെ ഹൃദ്യമായിരുന്നു. അതാണ് വിഎസിനെ വ്യത്യസ്തമാക്കുന്നത്. വിഎസിൻ്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നത് ഞാൻ എന്നും ഓർമിക്കും. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് വിഎസ്. പാർട്ടികകത്തും പുറത്തും അ​​ദ്ദേഹമെടുത്ത തീരുമാനങ്ങൾ നമുക്ക് മുന്നിലുണ്ട്. 82ാം വയസിൽ മുഖ്യമന്ത്രി ആയപ്പോഴും തളർച്ചയില്ലാതെ അ​ദ്ദേഹം പ്രവർത്തിച്ചു. വിഎസിൻ്റെ വിയോ​ഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്", രമേശ് ചെന്നിത്തല.

സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലെത്തി വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡൻ്റ് അ‍ഡ്വ. സണ്ണി ജോസഫ്, മറ്റ് മുതിർന്ന കോൺ​ഗ്രസ് നേതാക്കളും വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദർബാർ ഹാളിലെത്തിയിരുന്നു.

SCROLL FOR NEXT