Source: News Malayalam 24x7
KERALA

"ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ല ഞാൻ"; പ്രവർത്തന പാരമ്പര്യം പറഞ്ഞ് രമേശ് ചെന്നിത്തല; പുകഴ്ത്തി വി.എം. സുധീരനും

താൻ സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ പൊതുവേദിയിൽ പ്രവർത്തന പാരമ്പര്യം പറഞ്ഞ് രമേശ് ചെന്നിത്തല. നേതാവായി ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല താനെന്ന് ചെന്നിത്തല. സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ നടന്ന പി.കെ. ഡീവർ അനുസ്മരണ പരിപാടിയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കേരളത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെ കുറിച്ച് പ്രതികരിച്ച ചെന്നിത്തല എൽഡിഎഫ് സർക്കാരിൻ്റെ അവകാശവാദം പൊളിഞ്ഞുവെന്ന് വിമർശിച്ചു. ലോഡ് ഷെഡിങ് ഇല്ലാത്ത പത്ത് വർഷം എന്നായിരുന്നു പ്രചാരണം. ലോഡ് ഷെഡിങ്ങിലും ചൂടിലും കേരളം ഉരുകുന്നു. സോഷ്യൽ മീഡിയ പ്രചാരണത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. താനും അത് പാലിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ വി.എം. സുധീരൻ പുകഴ്‌ത്തി. ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയിൽ പ്രവർത്തിച്ച ആളാണ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ആയപ്പോഴും അല്ലാത്തപ്പോഴും തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്നും വി.എം. സുധീരൻ പറഞ്ഞു. ഇനിയും ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ രമേശ് ചെന്നിത്തലക്കാകും.

SCROLL FOR NEXT