കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇതിനിടെ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. റിപ്പോർട്ടിൽ രഞ്ജിത്തിൻ്റെ പേരിൽ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പൊലീസ് പറയുന്നു.
കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഷൂട്ടിങ് സൈറ്റിൽ വെച്ച് അതിക്രമം നേരിട്ട യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നെന്നും ഷൂട്ടിങ് സൈറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും കമീഷണർ കാളിരാജ് മഹേഷ് പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് നടി കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.