അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ Source: X
KERALA

രൺജിത് ശ്രീനിവാസൻ കൊലക്കേസ്: പത്താം പ്രതിക്കും വധശിക്ഷ

ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറിയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: രൺജിത് ശ്രീനിവാസൻ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ. മുനിസിപ്പൽപാലസ് സ്വദേശി നവാസിനാണ് വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

ഒന്നാം ഘട്ട വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പ്രതി ആശുപത്രിയിൽ ആയിരുന്നു. ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

നേരത്തെ, ജാനുവരി 30ന് കേസിലെ 15 പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്രധികം പേർക്ക് വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പ്രഖ്യാപിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമെന്നാണ് കോടതി നിരീക്ഷിച്ചത്.

2021 ഡിസംബർ 19നാണ് കേസിന് ആസ്പദമായ സംഭവം. ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു രണ്‍ജിത്ത് വധം. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകരാണ് കേസിലെ പ്രതികള്‍.

SCROLL FOR NEXT