സംസ്ഥാനത്ത് വൻ റേഷൻ അരി തട്ടിപ്പ്. മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാര്‍ നല്‍കുന്ന സൗജന്യ റേഷൻ അരി തുച്ഛമായ വിലയ്ക്ക് വാങ്ങി അന്തർസംസ്ഥാന മാഫിയ കടത്തുന്നു. കടത്തിയ അരി രഹസ്യ ഗോഡൗണുകളിൽ എത്തിച്ച് പോളിഷ് ചെയ്ത്, പുതിയ ചാക്കുകളിലാക്കി 'ബ്രാൻഡഡ് അരി' എന്ന പേരിൽ കേരളത്തിലെ പൊതുവിപണിയിൽ എത്തിക്കുന്നതായി സര്‍ക്കാരിന്റെ കണ്ടെത്തല്‍. സൗജന്യമായി നൽകുന്ന അരി പൊതുവിപണിയിൽ വിൽക്കുന്നത് കിലോയ്ക്ക് 40 മുതൽ 48 രൂപ വരെ ഉയർന്ന നിരക്കിൽ. ഒരാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യവകുപ്പ് പിടികൂടിയത് 50,525 കി.ഗ്രാം റേഷനരി. കേരള തമിഴ്‌നാട് അതിർത്തിയിലെ നാല് രഹസ്യ ഗോഡൗണുകൾ അധികൃതർ അടച്ചുപൂട്ടി.
കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാറശാലയിലെ ഇഞ്ചിവിളയില്‍ അനധികൃതമായി അരി സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെ സംഘം സ്ഥലത്തെത്തി പരിശോധിച്ചത്. ഏകദേശം 25,000 കി.ഗ്രാം അരി അനധികൃതമായി നാല് ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയും, അത് പിടിച്ചെടുക്കുകയും ചെയ്തു. അരി പോളിഷ് ചെയ്ത് മാറ്റിയെടുക്കുന്നതിനുള്ള യന്ത്രങ്ങള്‍ ഉള്‍പ്പെടെ ഗോഡൗണുകളില്‍ സജ്ജമാക്കിയിട്ടുണ്ടായിരുന്നു.
ഓണക്കാല വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുതുവിപണിയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെയാണ് റേഷന്‍ അരി കടത്തിയുള്ള ഇത്തരമൊരു തട്ടിപ്പ്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന അരിയാണ് അന്തര്‍ സംസ്ഥാന സംഘം കുറഞ്ഞ വിലയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്നത്. റേഷന്‍ കടകളില്‍നിന്ന് വാങ്ങുന്നതിനൊപ്പം, വീടുകളിലെത്തി മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ വിരലടയാളം പതിപ്പിച്ചുകൊണ്ട് ചാക്കോടുകൂടി തന്നെ അരി വാങ്ങിക്കുന്നുമുണ്ട്. ഇത്തരത്തില്‍ വാങ്ങുന്ന അരി പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് അരി എന്ന നിലയിലാണ് വിപണിയില്‍ എത്തിക്കുന്നത്. കി.ഗ്രാമിന് 40-48 രൂപ നിരക്കിലാണ് അത് വില്‍ക്കുന്നത്. ഇതിനു പുറമേ, തമിഴ്‌നാട്ടില്‍ നിന്നുള്ള സൗജന്യ റേഷന്‍ അരിയും ഇത്തരത്തില്‍ കേരളത്തില്‍ എത്തിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയാണ് ഫോര്‍ട്ടിഫൈഡ് റൈസ്. അതിനൊപ്പം, സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കുത്തരിയും ഇത്തരത്തില്‍ രഹസ്യ ഗോഡൗണുകളിലേക്ക് എത്തിയിട്ടുണ്ട്. ഇവയെല്ലാം എഫ്‌സിഐ മുദ്രയുള്ള ചാക്കുകളിലാണ് എത്തിയിരിക്കുന്നത്. അത് എങ്ങനെ സംഭവിക്കുന്നു എന്നതാണ് ചോദ്യം. കൊല്ലം ചവറയില്‍നിന്ന് ഏകദേശം 17,000 കിലോ കുത്തരിയാണ് പിടികൂടിയത്. നെല്‍ കര്‍ഷകരില്‍ നിന്നുള്ള അരിയാണ് ഇവിടെ കണ്ടത്.