റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു Source: News Malayalam 24x7
KERALA

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

എഡിജിപിമാരായ എച്ച്.വെങ്കിടേഷ്, എം.ആർ. അജിത് കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപിമാരായ എച്ച്.വെങ്കിടേഷ്, എം.ആർ. അജിത് കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സർവീസുള്ളത്. ഇൻ്റലിജൻസ് ബ്യൂറോയിലെ ദീർഘകാല സേവനത്തിന് ശേഷമാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ പൊലീസ് തലപ്പത്തേക്ക് മടങ്ങിയെത്തുന്നത്.

ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ റവാഡ ചന്ദ്രശേഖർ ആന്ധ്രാ പ്രദേശിലെ രാജമുൻട്രി സ്വദേശിയാണ്. തലശേരി എഎസ്‌പിയായാണ് സർവീസിലെ തുടക്കം. ജോലിയിൽ പ്രവേശിച്ച് മൂന്നാം മാസം കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ പ്രതിയാക്കിയെങ്കിലും, 2012ൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് , പാലക്കാട് എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലും മൂന്നാം ബറ്റാലിയനിലും കമാണ്ടൻ്റായി പ്രവർത്തിച്ചു.

തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. തൃശൂർ, തിരുവനന്തപുരം റെയ്ഞ്ചുകളിൽ ഡിഐജിയായും സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്രസഭയുടെ മിഷൻ്റെ ഭാഗമായി ബോസ്നിയയിലും സുഡാനിലും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖറിനെ അടുത്തിടെ കേന്ദ്ര ക്യാബിനെറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു.

ക്രൈം റെക്കോർഡ്സ് ബ്യൂറോ ഐജിയായിരിക്കെയാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ഐബി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടറായാണ് തുടക്കം. ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും ഐബി ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു.

വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ ഐബി അഡീഷണൽ ഡയറക്ടറായിരുന്നു. 2023ൽ ഡിജിപി റാങ്കിലേക്കുയർന്നു. തുടർന്ന് ഐബി സ്പെഷ്യൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. വിശിഷ്ടസേവനത്തിന് 2015ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009ൽ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

SCROLL FOR NEXT