തൃശൂർ: കോൺഗ്രസ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് മറ്റത്തൂരിൽ വിമത നേതാക്കളുടെ പ്രകടനം. ശബരിമല സ്വർണക്കൊള്ളക്കെതിരെ എന്ന പേരിലാണ് പ്രകടനം നടത്തിയത്. ഡിസിസി സസ്പെൻഡ് ചെയ്ത ടി.എം. ചന്ദ്രൻ അടക്കമുള്ളവരാണ് കോൺഗ്രസിൻ്റെ പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ട പഞ്ചായത്ത് അംഗങ്ങളും പ്രകടനത്തിൽ പങ്കെടുത്തു.
അതേസമയം, മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റ വിവാദം കൈവിട്ടുപോയതോടെ കെപിസിസി സമാന്തര അനുനയ നീക്കത്തിനുള്ള ശ്രമം ആരംഭിച്ചു. സണ്ണി ജോസഫിൻ്റെ നിർദേശത്തിന് പിന്നാലെ വിമത നേതാക്കളുമായി റോജി എം. ജോൺ എംഎൽഎ ചർച്ച നടത്തി. മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ള നേതാക്കൾ അങ്കമാലിയിലെത്തിയാണ് റോജി എം. ജോൺ എംഎൽഎമായി ചർച്ച നടത്തിയത്. ഡിസിസിയുടെ അച്ചടക്കം നടപടി നിലനിൽക്കെയാണ് കെപിസിസിയുടെ സമാന്തര ഇടപെടൽ.
നേരത്തെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ടി.എം. ചന്ദ്രനുമായി സംസാരിച്ചിരുന്നു. ബിജെപിക്ക് പിന്തുണ നൽകിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് നിന്ന് പുറത്താക്കിയ മറ്റത്തൂർ പഞ്ചായത്തിലെ നേതാക്കന്മാർ ഇന്നലെ രാത്രിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനിടയിലാണ് സണ്ണി ജോസഫുമായി ടി.എം. ചന്ദ്രൻ സംസാരിച്ചത്. ഡിസിസിയുടെ തെറ്റായ നടപടികളും തീരുമാനങ്ങളുമാണ് മറ്റത്തൂരിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ചന്ദ്രൻ വ്യക്തമമാക്കിയത്. കെപിസിസിയോടെ കാര്യങ്ങൾ ചർച്ച ചെയ്യുകയുള്ളുവെന്ന് നേരത്തെ തന്നെ ചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സണ്ണി ജോസഫുമായി സംസാരിച്ചതോടെയാണ് അനുനയനീക്കങ്ങൾക്ക് വഴി തെളിഞ്ഞത്.