റീമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി Source: News Malayalam 24x7
KERALA

"ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയില്ല, എന്നെ പോലുള്ള പെൺകുട്ടികൾക്ക് നീതി കിട്ടില്ല"; കണ്ണൂരിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യക്കുറിപ്പ്

"ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് കമൽ രാജ് ഇറക്കിവിട്ടു"

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യ കുറിപ്പിൽ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ ഉന്നയിച്ചിരിക്കുന്നത്. ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് കമൽ രാജ് ഇറക്കിവിട്ടു. മകനെ വേണമെന്ന സമ്മർദം സഹിക്കാൻ പറ്റിയില്ലെന്നും റീമയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും റീമയുടെ കുറിപ്പിൽ പറയുന്നു. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണ്. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്. അവർ എന്നോട് പോയി ചാകാൻ പറഞ്ഞു. ഭർതൃമാതാവ് എപ്പോഴും വഴക്ക് പറയും, തന്നെയും ഭർത്താവിനെയും തമ്മിൽ എപ്പോഴും തമ്മിൽ തല്ലിക്കും. മരിക്കുന്ന ദിവസം നടന്ന പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിലെഴുതിയ റീമയുടെ കുറിപ്പാണ് കണ്ടെത്തിയത്.

ജൂലൈ 20ന് പുലർച്ചെ 1.30 ഓടെയാണ് വെങ്ങര നടക്കുതാഴെ സ്വദേശിനിയായ എം.വി. റീമ കുഞ്ഞിനെയുമെടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയത്. തിരച്ചിലിനൊടുവില്‍ റീമയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. പാലത്തിന് മുകളില്‍ നിന്ന് കുഞ്ഞിനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് പുഴയിലേക്ക് ചാടിയത്. റീമയുടെ ആത്മഹത്യക്ക് പിന്നാലെ തന്റേയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന റീമയുടെ വാട്സാപ്പ് സന്ദേശവും കണ്ടെടുത്തിരുന്നു.

റീമയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമമെതിരെ പരാതിയുമായി റീമയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. "ഭർത്താവ് ഒരു ഘട്ടത്തിലും റീമയെ കേൾക്കാനോ പരിഗണിക്കാനോ തയ്യാറായില്ല. കുഞ്ഞിനെ കൂടെക്കൊണ്ടുപോകുമെന്ന ഭർത്താവിൻ്റെ പിടിവാശി മകളെ തളർത്തി", റീമയുടെ അച്ഛൻ മോഹനൻ പറഞ്ഞു. ഭർത്താവിൻ്റെ അമ്മയെക്കുറിച്ചും റീമ നിരവധി തവണ പരാതി പറഞ്ഞിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിട്ടും മകൾ എല്ലാം സഹിച്ചു ജീവിക്കുകയാണ് ചെയ്തതെന്നും മോഹനൻ കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT