തിരുവനന്തപുരം: കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ അസാധാരണ നീക്കവുമായി വിസി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ വിഷയത്തിൽ തീരുമാനം ചാൻസലർക്ക് വിടാനാണ് നീക്കം. അതുവരെ അനിൽകുമാറിൻ്റെ സസ്പെൻഷൻ തുടരുവാനാണ് തീരുമാനം.
രണ്ടു മാസങ്ങൾക്ക് ശേഷം രജിസ്ട്രാറിൻ്റെ സസ്പെൻഷൻ മുഖ്യ അജണ്ടയാക്കി നടത്തിയ സിൻഡിക്കേറ്റ് യോഗത്തിലാണ് വിഷയം ചാൻസലർക്ക് വിടാൻ വിസി തീരുമാനിച്ചത്. ഭൂരിപക്ഷം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിസി ആവശ്യം പരിഗണിക്കാതെ അവഗണിക്കുകയായിരുന്നു. ഇന്ന് യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 19 പേരും സസ്പെൻഷൻ നടപടി റദ്ദാക്കി അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും വിസി പരിഗണിക്കാൻ തയ്യാറായില്ല.
സസ്പെൻഷൻ കാലയളവിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ അനിൽ കുമാറിൻ്റെ ഭാഗത്തു നിന്നുണ്ടായതായും ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടി അനിൽ കുമാറിനെ തിരിച്ചെടുക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് വിസി സ്വീകരിക്കുകയായിരുന്നു. അതേ സമയം ഈ വിഷയത്തിൽ ഇപ്പോഴും തർക്കം നടക്കുകയാണ്,സിൻഡിക്കേറ്റ് യോഗം ഇതുവരെയും പിരിഞ്ഞിട്ടില്ല.