കേരള സര്‍വകലാശാല സസ്‌പെന്‍ഷന്‍ വിവാദത്തിനിടെ അവധി അപേക്ഷ സമര്‍പ്പിച്ച് രജിസ്ട്രാര്‍ കെ. എസ്. അനില്‍കുമാര്‍. ഇന്ന് മുതല്‍ അവധി ആവശ്യപ്പെട്ടുകൊണ്ടാണ് രജിസ്ട്രാറുടെ കത്ത്.
ദേഹാസ്വാസ്ഥ്യവും രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലും കാരണം അവധി അപേക്ഷ നല്‍കുന്നുവെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വിദേശ പര്യടനം കഴിഞ്ഞ് ഇന്ന് ചുമതലയേറ്റ താത്കാലിക വൈസ് ചാന്‍സലറായ ഡോ. മോഹനന്‍ കുന്നുമ്മലിനാണ് അപേക്ഷ അയച്ചത്. രജിസ്ട്രാറുടെ താത്കാലിക ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം അവധി തരില്ലെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സസ്‌പെന്‍ഷനില്‍ ഇരിക്കുന്ന രജിസ്ട്രാറുടെ അവധിക്ക് എന്ത് പ്രസക്തി എന്ന് ചോദിച്ചുകൊണ്ടാണ് വിസി രജിസ്ട്രാറുടെ അവധി അപേക്ഷ തള്ളിയത്.
കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ക്ക് സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കി വൈസ് ചാന്‍സര്‍ ആയിരുന്ന സിസ തോമസ് കെ എസ് അനില്‍ കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ അനില്‍ കുമാറിന്റെ നടപടികള്‍ ചട്ടവിരുദ്ധമെന്ന് നോട്ടീസില്‍ പറയുന്നു. അച്ചടക്ക നടപടികള്‍ക്ക് വിധേയനാക്കുമെന്നും വിസിയുടെ നോട്ടീസില്‍ പറയുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിച്ച സിന്‍ഡിക്കേറ്റ് നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമന അതോറിറ്റിയെ സമീപിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
അതേസമയം വിലക്ക് മറി കടന്ന് സര്‍വകലാശാലയില്‍ എത്താനാണ് അനില്‍കുമാറിന്റെ നീക്കമെന്ന് വിവരങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് അവധിയ്ക്ക് അപേക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം അനില്‍കുമാര്‍ വഴിയെത്തുന്ന ഫയലുകള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടും വി.സി സ്വീകരിച്ചിരുന്നു. ഫയലുകള്‍ നേരിട്ട് അയക്കാനും വിസി നിര്‍ദേശിച്ചു.