രജിസ്ട്രാർ കെ. എസ്. അനിൽകുമാർ, കേരള സർവകലാശാല Source: News Malayalam 24x7
KERALA

നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്, തിരിച്ചെടുക്കാൻ ഉത്തരവിറക്കി; ചുമതല ഏറ്റെടുത്ത് രജിസ്ട്രാറർ

അനിൽകുമാറിൻ്റെ പരാതിയിൽ വൈസ് ചാൻസലറും സർവകലാശാലയും വിശദീകരണം നൽകാനിരിക്കെയാണ് സിൻഡിക്കേറ്റിൻ്റെ നിർദേശത്തെ തുടർന്ന് രജിസ്ട്രാർ ചുമതല ഏറ്റെടുത്തത്

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാലയിൽ സസ്പെൻഷൻ റദ്ദാക്കിയതോടെ ചുമതല ഏറ്റെടുത്ത് രജിസ്ട്രാർ. ഇന്ന് വൈകിട്ടോടെ സർവകലാശാലയിലെത്തിയാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ചുമതല ഏറ്റെടുത്തത്. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് ഉത്തരവിറക്കിയത്. തനിക്കെതിരെയുള്ള സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രജിസ്ട്രാറർ കെ.എസ്. അനിൽകുമാർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വൈസ് ചാൻസലറുടെ ഭാ​ഗത്തുനിന്നും സർവകലാശാലയുടെ ഭാ​ഗത്തിനിന്നും കോടതി വിശദീകരണം ചോദിച്ചിരുന്നു. അനിൽകുമാറിൻ്റെ പരാതിയിൽ സർവകലാശാല സിൻഡിക്കേറ്റും വിസിയും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനിരിക്കെയാണ് നിർണായക നടപടി.

രജിസ്ട്രാർക്ക് ലഭിച്ച നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. ചുമതലയേറ്റടുത്തതോടെ കോടതിയിൽ നൽകിയ പെറ്റീഷൻ പിൻവലിച്ച് വിസിക്കെതിരെ തിരിച്ചടിക്കാനും അനിൽകുമാറിന് ഇതോടെ സാധിക്കും. ഇന്ന് രാവിലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് വിസിയുടെ അനുമതിയില്ലാതെ അനിൽകുമാറിൻറെ സസ്പെൻഷൻ നടപടി റദ്ദാക്കിയത്. മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കൽ നടപടി ഉത്തരവാക്കുകയും ചെയ്തു. തുടർന്ന് അടിയന്തരമായി സർവകലാശാലയിലെത്തി ചുമതലയേൽക്കാൻ സിൻഡിക്കേറ്റ് നിർദ്ദേശം നൽകുകയായിരുന്നു.

സസ്പെൻഷൻ നിയമവിരുദ്ധ നടപടിയാണെന്നാണ് യോഗത്തിൽ സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങൾ വാദിച്ചത്. എന്നാല്‍ നടപടി ശരിയാണെന്ന നിലപാടിലായിരുന്നു ബിജെപി അംഗങ്ങള്‍. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ നടപടിയിൽ ഉറച്ചു നില്‍ക്കുകയായിരുന്നു താല്‍ക്കാലിക ചുമതലയുള്ള ഡോ. സിസാ തോമസും ചെയ്തത്.

യോഗത്തില്‍ നിന്ന് വൈസ് ചാന്‍സലർ ഇറങ്ങിപ്പോയിരുന്നു. എന്നാല്‍, സീനിയർ അംഗമായ പ്രൊഫ. രാധാ മണിയുടെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം തുടർന്നു. ഈ യോഗത്തിലാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് പ്രമേയം പാസാക്കിയത്. എന്നാൽ യോഗം പിരിച്ചുവിട്ടാണ് ഇറങ്ങിപ്പോയതെന്നും തന്റെ അഭാവത്തില്‍ തുടർന്ന യോഗത്തിന് നിയമ സാധ്യതയില്ലെന്നുമാണ് വിസി വ്യക്തമാക്കിയത്.

അതേസമയം, രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള നടപടിയാണ് സിൻഡിക്കേറ്റ് സ്വീകരിച്ചതെന്നും രജിസ്ട്രാറെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാനുള്ള അധികാരം 100 ശതമാനവും സിൻഡിക്കേറ്റിനാണെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചത്. രജിസ്ട്രാറെ പുറത്താക്കാൻ വിസിക്ക് അധികാരമില്ലെന്നും മന്ത്രി ആവർത്തിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ അവരിൽ നിന്ന് ഒരു ചെയർപേഴ്സനെ തിരഞ്ഞെടുത്തതിനു ശേഷം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്യുകയാണ് ചെയ്തത്. വൻഭൂരിപക്ഷത്തോടെയാണ് തീരുമാനമെടുത്തത്. സ്റ്റാറ്റ്യൂട്ട് പ്രകാരമാണോ നടപടിയെന്ന് എന്ന് കോടതി പരിശോധിക്കട്ടെയെന്നും ആർ. ബിന്ദു വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT