KERALA

മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് ജീവനൊടുക്കിയതിൽ പുനരന്വേഷണം; അറുപത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ദുരൂഹതയില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന് തിരിച്ചടിയാണ് പുതിയ അന്വേഷണം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥൻ ജീവനൊടുക്കിയതിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. അറുപത് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. ദുരൂഹതയില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന് തിരിച്ചടിയാണ് പുതിയ അന്വേഷണം. കേസ് വീണ്ടും അന്വേഷിക്കണം എന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.

2024ൽ വിശ്വനാഥൻ്റെ സഹോദരൻ വിനോദ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. വിനോദിൻ്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ സെക്ഷൻസ് കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരിഗണിച്ചതിന് പിന്നാലെയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.വൈകി ആണെങ്കിലും ഉണ്ടായ കോടതിയുടെ ഉത്തരവിൽ പ്രതീക്ഷ ഉണ്ടെന്ന് വാദി ഭാഗത്തിന് ഹാജരായ അഡ്വ.സരിജ പറഞ്ഞു.

2023 ഫെബ്രുവരി 11നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ കൽപ്പറ്റ സ്വദേശിയായ വിശ്വനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു വിശ്വനാഥൻ. ആൾക്കൂട്ട വിചാരണയെ തുടർന്നുള്ള മനോവിഷമത്തിലാണ് വിശ്വനാഥൻ ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ആദ്യം മെഡിക്കൽ കോളേജ് പൊലീസ് അന്വേഷിച്ചിരുന്ന കേസ്,പൊതുജന പ്രതിഷേധത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.ഡിവൈഎസ്‌പി അബ്ദുൾ വഹാബിനായിരുന്നു അന്വേഷണ ചുമതല. ആ ടീം സമർപ്പിച്ച റിപ്പോർട്ടിനെതിരെ ആയിരുന്നു സഹോദരൻ അപ്പീൽ നൽകിയത്.

SCROLL FOR NEXT