തിരുവനന്തപുരം: ചികിത്സ പിഴവ് മൂലം നവജാതശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതികരണവുമായി കുട്ടിയുടെ ബന്ധുക്കൾ. നടപടിയിൽ സന്തോഷമുണ്ട്. നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകും. പോസ്റ്റുമോർട്ടം നടപടികളുമായി സഹകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. 24 മണിക്കൂറിന് ശേഷമാണ് നടപടിയെടുത്തത്. എന്നാലും സന്തോഷമുണ്ടെന്നും കുടുംബം പറഞ്ഞു.
"ഞങ്ങളുടെ കുഞ്ഞ് പോയി. എന്നാൽ കേസുമായി മുന്നോട്ട് പോകുന്നത് മറ്റുള്ളവർക്കെങ്കിലും ഉപകാരപ്പെടും. വേറെ ആർക്കും ഇത് സംഭവിക്കരുത്. അതിനാൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. സസ്പെൻഷൻ കൊണ്ടുമാത്രം ഒന്നുമായില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ സർവീസിൽ നിന്നും പിരിച്ചു വിടണം. പോസ്റ്റുമോർട്ടം കഴിഞ്ഞതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും", കുട്ടിയുടെ ബന്ധുക്കൾ.
ചികിത്സ പിഴവ് ആരോപിച്ച് പരാതി വന്നതിന് പിന്നാലെ ഇന്നാണ് ഡോക്ടർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുത്തത്. ചികിത്സാ പിഴവിന് പുറമേ കൈക്കൂലി ആരോപണവും ഡോക്ടർക്കെിരെ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിലും അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിൻ്റെയും കുഞ്ഞ് പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ മരിച്ചത്. എന്നാൽ ശസ്ത്രക്രിയ താൻ നടത്തിയത് അല്ലെന്ന് പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായതെന്ന് ബിനിൽ പറഞ്ഞു. ലേബർ റൂമിൽ ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്സുമാരോട് അന്വേഷിച്ചപ്പോൾ ഡോ. ബിന്ദു സുന്ദർ തന്നെയാണ് ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞെന്നും ബിനിൽ വ്യക്തമാക്കിയിരുന്നു.