KERALA

സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർക്ക് ആശ്വാസം; ശമ്പളം ഉടൻ നൽകാൻ തീരുമാനം

ഫെബ്രുവരി ഉൾപ്പടെയുള്ള മാസത്തെ ശമ്പളം നൽകുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർക്ക് കുടിശികയുള്ള ശമ്പളം നൽകാൻ തീരുമാനം. ഫെബ്രുവരി ഉൾപ്പടെയുള്ള മാസത്തെ ശമ്പളം നൽകുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി അറിയിച്ചു. വിരമിച്ച പരിശീലകരുടെ രണ്ട് മാസത്തെ പെൻഷൻ കുടിശിക നൽകിയെന്നും സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.

70ലേറെ സ്ഥിരം പരിശീലകരും 50ലേറെ താൽക്കാലിക പരിശീലകരുമാണ് ശമ്പളം ലഭിക്കാതായതോടെ പ്രതിസന്ധിയിലായത്. ശമ്പളം ലഭിക്കാത്തതും വിരമിച്ച പരിശീലകർക്ക് പെൻഷൻ ലഭിക്കാത്തതുമായ വിവരം കഴിഞ്ഞ ദിവസം ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്പോർട്സ് കൗൺസിലിൻ്റെ നടപടി.

പെൻഷൻ ലഭിച്ചിട്ട് നാല് മാസം പിന്നിട്ടു എന്നാണ് വിരമിച്ച പരിശീലകരുടെ പരാതി. മുടങ്ങാതെ പെൻഷൻ ലഭിക്കണമെന്ന് കായിക വകുപ്പിന് മുന്നിൽ പല തവണ പരിശീലകർ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പെൻഷനും പരിശീലകർക്കുള്ള ശമ്പളവും കൃത്യമായി നൽകുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതുകൂടാതെ ഹോസ്റ്റലുകളിൽ കഴിയുന്ന കായിക താരങ്ങളും ബുദ്ധിമുട്ടിലാണ്. ഒരു ദിവസം 250 രൂപയുടെ പോഷകാഹാരം ലഭിക്കണമെന്നിരിക്കെ സാധനങ്ങളുടെ സ്റ്റോക്ക് അനുസരിച്ച് ഇഷ്ടമുള്ള എന്തെങ്കിലും താരങ്ങൾക്ക് നൽകുന്നതാണ് ഇപ്പോൾ പതിവ്. നിത്യേന പരിശീലനം ഉള്ള കായിക താരങ്ങൾക്ക് ആവശ്യമുള്ള ആഹാരം കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

ആഹാരം മാത്രമല്ല, കായിക പരിശീലനത്തിന് വേണ്ട ഉപകരണങ്ങളുടെ ലഭ്യതയും ഇല്ല. സ്പോർട്സ് കൗൺസിലെ കുട്ടികൾക്ക് ലഭിക്കേണ്ട കായിക കിറ്റ് ലഭിച്ചിട്ട് തന്നെ വർഷങ്ങൾ ഏറെയായി. പല തരത്തിലുള്ള പ്രതിസന്ധികൾ കാരണം പരിശീലനം നിർത്തി പോയവരും ഏറെയാണ്.

SCROLL FOR NEXT