അടൂർ ഗോപാലകൃഷ്ണൻ , രമേശ് ചെന്നിത്തല Source; Facebook
KERALA

"അവസരം കിട്ടാത്തതു കൊണ്ടു തഴയപ്പെടുന്നവരെ കൈപിടിച്ചു കൊണ്ടുമുന്നോട്ടു വരാനാണ് ശ്രമിക്കേണ്ടത്"; അടൂരിനെ എതിർത്ത് ചെന്നിത്തല

സമൂഹത്തില്‍ രൂഢമൂലമായ ചില വിശ്വാസങ്ങളെ ജാതി, ആണധികാര ചിന്തകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണിത്. അത് അദ്ദേഹം മനപൂര്‍വം പറഞ്ഞതല്ല എന്നു വിശ്വസിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

സിനിമാ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂരിനെ വിമർശിച്ച് രമേശ് ചെന്നിത്തല. പട്ടികജാതിക്കാര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും അത്തരമൊരു പരാമര്‍ശം അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നു രമേശ് ചെന്നിത്തല.

പിന്നാക്കക്കാരെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വളര്‍ച്ചയെ ദുര്‍ബലപ്പെടുത്താനെ ഉതകൂ. അദ്ദേഹം ഈ കാര്യം മനസിലാക്കി പരാമര്‍ശം പിന്‍വലിക്കും എന്നാണ് താന്‍ കരുതുന്നത് - രമേശ് ചെന്നിത്തല പറഞ്ഞു.

സമൂഹത്തില്‍ രൂഢമൂലമായ ചില വിശ്വാസങ്ങളെ ജാതി, ആണധികാര ചിന്തകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണിത്. അത് അദ്ദേഹം മനപൂര്‍വം പറഞ്ഞതല്ല എന്നു വിശ്വസിക്കുന്നു. അവസരം കിട്ടാത്തതു കൊണ്ടു തഴയപ്പെടുന്നവരെ കൈപിടിച്ചു കൊണ്ടുമുന്നോട്ടു വരാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അത്തരം ശ്രമങ്ങളെ തടയിടുന്ന തരത്തില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കരുത് - ചെന്നിത്തല വ്യക്തമാക്കി.

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് സിനിമ നിർമിക്കാൻ സർക്കാർ പണം നൽകുന്നതിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. നൽകുന്ന ഒന്നരക്കോടി മൂന്നായി വിഭജിക്കണമെന്നും സംവിധായകർക്ക് മൂന്നുമാസത്തെ പരിശീലനം നൽകണമെന്നുമാണ് സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ പറഞ്ഞത്.

പരാമർശം നടത്തിയപ്പോൾ തന്നെ സദസിലിരുന്ന ഗായിക പുഷ്പവതി പ്രതിഷേധ സ്വരമുയർത്തി. ദളിത് സമൂഹത്തെ മുഖ്യധാരാ സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പണം നൽകുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാനും വിശദീകരിച്ചു. സംവിധായകർ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകരുൾപ്പെടെ നിരവധിപ്പേർ അടൂരിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്.

SCROLL FOR NEXT