പാലക്കാട്: ചിത്രകഥാരചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ (93) അന്തരിച്ചു. 1932-ൽ പാലക്കാട് കണ്ണാടിയിൽ ചുങ്കമന്ദം യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായാണ് ജനനം. 1960-കളിലെയും എഴുപതുകളിലെയും ആസ്വാദകരെ ത്രസിപ്പിച്ച ഒട്ടേറെ തുടർചിത്രകഥകളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് വിശ്വനാഥൻ നായർ പ്രശസ്തനായത്.
മലയാള ചിത്രകഥാ ചരിത്രത്തിലെ എക്കാലത്തെയും പ്രസിദ്ധ ചിത്രകഥകളായ സിഐഡി മൂസ, ഇരുമ്പുകൈ മായാവി, റിവോൾവർ റിങ്കോ തുടങ്ങിയവ വിശ്വനാഥൻ നായരുടെ കരവിരുതിൽ വിരിഞ്ഞ കഥാപാത്രങ്ങളാണ്. കൂടാതെ സിഐഡി മഹേഷ്, ഫ്ലൈറ്റ് 731, സിഐഡി മൈക്കിൾ, മഞ്ഞുകട്ട രഹസ്യം, സർപ്പ ദ്വീപ്, ചിത്രകഥകളും വൻ സ്വീകാര്യത നേടിയിരുന്നു.