തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങിവരാൻ താത്പര്യമറിയിച്ച് നേതൃത്വത്തിന് കത്ത് നൽകിയ പത്മജ വേണുഗോപാലിൻ്റെയും പത്മിനി തോമസിൻ്റെയും പാർട്ടി പ്രവേശനം അധികം വൈകില്ലെന്ന് വിവരം. നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് കെപിസിസി നേതൃത്വത്തിൻ്റെ ആലോചന. ബിജെപിയിലേക്ക് പോയതിന് പിന്നാലെ കോൺഗ്രസ് നേതാക്കളെ തള്ളിയും നരേന്ദ്ര മോദിയെ പുകഴ്ത്തിയുമുള്ള പരാമർശങ്ങളിൽ നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് പത്മജയുടെ മടങ്ങിവരവ് വേഗത്തിലാകുന്നത്.
പത്മജയുടെ മാപ്പഭ്യർഥന ഇടഞ്ഞ് നിൽക്കുന്നവരുടെ നിലപാട് മയപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. അഭിപ്രായ ഭിന്നതയുള്ള നേതാക്കളെ കൂടി പരിഗണിച്ചായിരിക്കും ചർച്ചകൾ മുന്നോട്ടുകൊണ്ടുപോവുക. ഡൽഹിയിൽ എത്തിയ കെപിസിസി അധ്യക്ഷൻ, ഇരുവരുടെയും മടങ്ങിവരവ് ദേശീയ നേതൃത്വത്തെയും അറിയിക്കും. സണ്ണി ജോസഫ് കേരളത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ചർച്ചകൾ തുടങ്ങുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.