KERALA

നെല്ല് സംഭരണം പ്രതിസന്ധിയിലേക്ക്, സർക്കാർ നിർദേശം തള്ളി മില്ലുടമകൾ; നെല്ല് സംഭരണം നാളെ തുടങ്ങില്ല

64.5 കിലോയിൽ കൂടുതൽ നെല്ല് നൽകാനാവില്ലെന്നും മില്ലുടമകൾ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സർക്കാർ പ്രഖ്യാപനം ഉണ്ടായിട്ടും നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലേക്ക്. സർക്കാരിന്റെ നിർദേശം മില്ലുടമകൾ തള്ളി. നെല്ല് സംഭരണം നാളെ മുതൽ ആരംഭിക്കില്ല. 64.5 കിലോയിൽ കൂടുതൽ നെല്ല് നൽകാനാവില്ലെന്നും മില്ലുടമകൾ അറിയിച്ചു. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ നൽകേണ്ട അരിയുടെ അളവ് 66.5 കിലോയായി കുറയ്ക്കാമെന്ന് ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇത് സ്വീകാര്യമല്ലെന്നാണ് മില്ലുടമകളുടെ പക്ഷം.

സപ്ലൈകോ നെല്ലുസംഭരണവുമായി ഇന്ന് വൈകിട്ട് ചേർന്ന മില്ലുടമകളുടെ യോഗത്തിൽ നാല് വിഷയങ്ങളിൽ തീരുമാനമാകാതെ നെല്ല് സംഭരണവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മില്ലുടമകൾ യോഗം ചേർന്നത്.

2022-23 സീസൺ വരെ 64.5% ഔട്ട്‌ ടേൺ നൽകിയിരുന്നത് വീണ്ടും 68% ആക്കിയത് 64.5% ആക്കി പുനസ്ഥാപിക്കണമെന്നാണ് മില്ലുടമകളുടെ ഒന്നാമത്തെ ആവശ്യം. ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഈ വർഷം മുതൽ കേന്ദ്ര ഗവണ്മെന്റിൽ നിന്നും ലഭിക്കുമെന്നും ആയത് റൈസ് മില്ലുകൾക്ക് മുഴുവനായി നൽകുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. എന്നാൽ ട്രാൻസ്‌പോർട്ടഷൻ ചാർജ് ഇപ്പോൾ തന്നെ ഫിക്സ് ചെയ്ത് ഓർഡർ ആക്കി കരാറിൽ ഉൾപ്പെടുത്തണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.

അരി നൽകുന്നതിനുള്ള ചണച്ചാക്കിന് ഇപ്പോൾ റൈസ് മില്ലുകളിൽ നിന്ന് കൂടുതൽ തുക കിടക്കുന്നതു ഒഴിവാക്കി ചാക്ക് സപ്ലൈകോ വിതരണം ചെയ്യണം. കൈകാര്യചിലവ് 2017ൽ സർക്കാർ തല കമ്മിറ്റി കണ്ടെത്തി അംഗീകരിച്ച 272 രൂപ എന്നത് നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും മില്ലുടമകൾ ഉന്നയിച്ചിരുന്നു.

SCROLL FOR NEXT