Source: Files
KERALA

ആരോഗ്യവകുപ്പിൽ മന്ത്രിയും സെക്രട്ടറിയും തമ്മിൽ ഭിന്നത കടുക്കുന്നു; ആയുർവേദ ആശുപത്രികളിലെ ക്രമക്കേട് പരാതിയിൽ പുതിയ തർക്കം

വകുപ്പ് സെക്രട്ടറിയുടെ ശുപാർശ തള്ളി ആയുർവേദ ആശുപത്രികളിലെ ഫർണിച്ചർ വാങ്ങൽ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള ഭിന്നത കടുക്കുന്നു. വകുപ്പ് സെക്രട്ടറിയുടെ ശുപാർശ തള്ളി ആയുർവേദ ആശുപത്രികളിലെ ഫർണിച്ചർ വാങ്ങൽ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി. ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണം.

പിണറായിയിലെ ആയുർവേദ കോളേജ് കെട്ടിടത്തിൻ്റെ പണി തുടങ്ങുന്നതിന് മുൻപ് തന്നെ 11 ലക്ഷത്തിലധികം രൂപ മുടക്കി ഫർണിച്ചറുകൾ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ വാങ്ങി അധികാര ദുർവിനിയോഗം ചെയ്തുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി അതിൻ്റെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ധനകാര്യവകുപ്പിന് കീഴിൽ അന്വേഷണം നടന്നാൽ മതി എന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. അതിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തിയുണ്ടായി. ഗൌരവകരമായ കുറ്റമാണ് നടന്നിട്ടുള്ളത്, അതിനാൽ വിജിലൻസിന് അന്വേഷണത്തിന് വിടണമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ നിർദേശം. നിലവിൽ ആഭ്യന്തരമന്ത്രിക്ക് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറിയിട്ടുണ്ട്.

നേരത്തെ മരുന്ന് ക്ഷാമം രൂക്ഷമായ സമയത്ത് തന്നെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള അതിരൂക്ഷമായ തർക്കത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആ തർക്കം കടുക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വകുപ്പിൻ്റെ ഏകോപനം മന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പ്രശ്നങ്ങൾ കൊണ്ട് പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

SCROLL FOR NEXT