എറണാകുളം: പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ മത്സരിക്കുന്നതിൽ റിസ്കുണ്ട് എന്ന് സിപിഐ സ്ഥാനാർഥി ഇ.ടി. ടൈസൺ. മത്സരത്തിന് തയ്യാറാണ്. അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാം. എറണാകുളം ജില്ലയിൽ തനിക്കെതിരെ വികാരമുണ്ടോ എന്നതിനെതിനെ കുറിച്ച് അറിവില്ല. മത്സരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ജില്ലയിലെ പാർട്ടി ഒരുക്കും. സംസ്ഥാനത്ത് ആകെ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ട് എന്നും ടൈസൺ പറഞ്ഞു. സി.സി. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും ടൈസൺ പറഞ്ഞു.
പറവൂരിൽ ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളിയാണ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത്. സംസ്ഥാന എക്സികുട്ടീവിൻ്റെ നേരിട്ടുള്ള തീരുമാനമാണ് സിറ്റിംഗ് എംഎൽഎയെ മത്സരിപ്പിക്കുക എന്നത്. എന്നാൽ, ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാർഥി വരുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്‌തിയുണ്ട്.
സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ പറവൂരിൽ സിപിഐക്ക് സീറ്റ് നൽകിയതിൽ വലിയ അതൃപ്തി പ്രാദേശിക സിപിഐഎമ്മിനുണ്ട്. സിപിഐ സ്ഥാനാർഥികൾ പലപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശുപാർശ ചെയ്യുന്നതോ അദ്ദേഹത്തെ സഹായിക്കുന്ന സ്ഥാനാർഥികളോ ആണെന്ന ആക്ഷേപം പല ഘട്ടങ്ങളിലും ഉയർന്നുവരാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ആക്ഷേപത്തിന് ഇടവരാത്ത രീതിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടാണ് സ്ഥാനാർഥിയെ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്ന് പേരുകളാണ് നിർദേശിച്ചിരുന്നത്. മുൻ ജില്ലാ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ളവരുടെ പേര് തള്ളിയാണ് ടൈസണെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.