തിരുവനന്തപുരം: ഇടതു മുന്നണി വിടേണ്ടെന്നും എൽഡിഎഫിൻ്റെ ഭാഗമായി തുടരാമെന്നും ആർജെഡി തീരുമാനം. മുന്നണി മാറ്റം വേണ്ടെന്നാണ് നിലവിൽ പാർട്ടിയുടെ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയോട് ആറ് സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടിയുടെ തീരുമാനം. നിലവിലെ മൂന്ന് സീറ്റുകൾക്ക് പുറമെ മൂന്ന് സീറ്റുകൾ കൂടി അധികമായി ആവശ്യപ്പെടാനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം. കോവളം, ചാലക്കുടി, എലത്തൂർ സീറ്റുകളാണ് ആവശ്യപ്പെടുക. വരാനിരിക്കുന്ന മുന്നണിയുടെ ഉഭയകക്ഷി ചർച്ചയിൽ കൂടുതൽ സീറ്റുകൾ ചോദിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ആർജെഡി എൽഡിഎഫ് വിടേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം നിലവിൽ മത്സരിച്ച 3 നിയമസഭാ സീറ്റുകൾക്ക് പുറമെ 3 സീറ്റുകൾ കൂടി ആവശ്യപ്പടും. കോവളം, ചാലക്കുടി, എലത്തൂർ അല്ലെങ്കിൽ കുന്ദമംഗലം എന്നീ സീറ്റുകൾ കൂടിയാണ് ആർജെഡി ലക്ഷ്യമിടുന്നത്. ഉഭയകക്ഷി ചർച്ചയിൽ ഒന്നോ രണ്ടോ സീറ്റുകൾ കൂടി ലഭിക്കുമെന്നാണ് ആർജെഡിയുടെ പ്രതീക്ഷ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ്, കൽപറ്റ, വടകര സീറ്റുകളിലാണ് ആർജെഡി മത്സരിച്ചത്. അതിൽ കൂത്തുപറമ്പ് ഒഴികെയുള്ള രണ്ട് സീറ്റുകളിലും ആർജെഡി പരാജയപ്പെട്ടു. കൽപറ്റയിൽ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പരാജയപ്പെട്ടത് വലിയ തിരിച്ചടിയാകുകയും ചെയ്തു. മുൻമന്ത്രി കെ.പി. മോഹനൻ ജയിച്ചിട്ടും മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതും, ലോക്സഭാ സീറ്റ് അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടി ചില ജില്ലാ കമ്മിറ്റികൾ എൽഡിഎഫ് വിടണമെന്ന സമ്മർദ്ദം സംസ്ഥാന നേതൃത്വത്തിന് മേൽ ചെലുത്തിയിരുന്നു.
എന്നാൽ, മുന്നണി മാറി മാറി ചാടുന്നത് പാർട്ടിക്ക് തന്നെ ദുഷ്പേരുണ്ടാക്കുന്നതാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം തീരുമാനമെടുക്കുന്നത് രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചതോടെ മുന്നണി മാറ്റം ആർജെഡി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നിലവിൽ മത്സരിച്ച ചില സീറ്റുകൾ വച്ചുമാറുന്നതിനൊപ്പം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനും ആർജെഡി നേതൃത്വം തീരുമാനിച്ചു. ആറ് നിയമസഭാ സീറ്റുകൾ വേണമെന്ന ആവശ്യം ഉഭയകക്ഷി ചർച്ചയിൽ ആർജെഡി മുന്നോട്ടുവയ്ക്കും.
തിരുവനന്തപുരം ജില്ലയിൽ കോവളം, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ സീറ്റുകളിൽ ഒരെണ്ണം വേണമെന്നാണ് ആവശ്യപ്പെടുക. ഇതിൽ കാട്ടാക്കടയും നെയ്യാറ്റിൻകരയും നിലവിൽ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. തിരുവനന്തപുരത്ത് യുഡിഎഫ് ജയിച്ച ഏക സീറ്റായ കോവളമാണ് ആർജെഡിയുടെ ഉന്നം. ജനതാദളിൽ നിന്ന് മുൻമന്ത്രി നീലലോഹിതദാസൻ നാടാരും, ജമീല പ്രകാശവും ആർജെഡിയിൽ എത്തിയത് കൂടി കണക്കിലെടുത്താണ് ആർജെഡി നീക്കം. പക്ഷേ, ഇരുവരെയും സ്ഥാനാർഥികൾ ആക്കുന്നതിനെതിരെ ആർജെഡിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതയുണ്ട്.
തൃശൂർ ജില്ലയിലെ ചാലക്കുടിയിലും ആർജെഡി കണ്ണ് വെച്ചിട്ടുണ്ട്. മുൻപ് അവിഭക്ത ജനതാദളിന്റെ ഭാഗമായി നാല് തവണ വിജയിച്ച സീറ്റാണ് ചാലക്കുടി എന്നതാണ് ആർജെഡിയുടെ അവകാശവാദത്തിന് കാരണം. ആർജെഡിയുടെ പവർ ഹൗസ് എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന കോഴിക്കോട് ജില്ലയിൽ ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെടും. എലത്തൂർ , കുന്ദമംഗലം, പേരാമ്പ്ര എന്നീ സീറ്റുകളിലൊന്നാണ് ആർജെഡി നോട്ടമിടുന്നത്.
വടകരയുമായി സീറ്റ് വെച്ചുമാറുന്നതും ആർജെഡി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 54 സീറ്റുകൾ ആർജെഡിക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം നേടാനായത് അവകാശവാദത്തിന് ബലം കൂട്ടൂന്നുണ്ട്. മൂന്ന് സീറ്റുകളാണ് കൂടുതലായി ചോദിക്കുന്നതെങ്കിലും ഒരു സീറ്റ് എങ്കിലും എൽഡിഎഫ് അധികമായി നൽകുമെന്നാണ് ആർജെഡി നേതൃത്വം പ്രതീക്ഷിക്കുന്നത്.