കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎം കാലുവാരിയെന്ന ആരോപണവുമായി ആർജെഡി നേതാക്കൾ. ആർജെഡിയെ മനഃപൂർവം തോൽപ്പിക്കാൻ ശ്രമം നടന്നതായി ആർജെഡി കോഴിക്കോട് ജില്ലാ സെക്രട്ടറി അരങ്ങിൽ ഉമേഷ് പറഞ്ഞു. ചതിച്ച് തോൽപ്പിക്കുന്നത് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും അരങ്ങിൽ ഉമേഷ് പ്രതികരിച്ചു. അടിയൊഴുക്കുകൾ നടന്നത് വ്യക്തമാണെന്നും അരങ്ങിൽ ഉമേഷ് പറഞ്ഞു.
കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെല്ലാം ആർജെഡിയെ തോൽപ്പിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കിഷൻ ചന്ദും വ്യക്തമാക്കി. എല്ലാ ഭാഗത്ത് നിന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ജനുവരി രണ്ടിന് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻ്റുമാരുടെയും യോഗത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും കിഷൻ ചന്ദ് അറിയിച്ചു.
എന്നാൽ എൽഡിഎഫ് വിടാനില്ലെന്ന് ആർജെഡി ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു. പരാതിയിൽ നടപടി പ്രതീക്ഷിക്കുന്നതായും സലിം മടവൂർ പ്രതികരിച്ചു.