ആര്യാ ദേവി അയ്യപ്പന്‍ തീയാട്ട് അവതരിപ്പിക്കുന്നു Source: News Malayalam 24x7
KERALA

അരങ്ങിലെ തടസങ്ങള്‍ മറികടന്ന്...; അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുന്ന ആദ്യ വനിതയായി ആർഎല്‍വി ആര്യാ ദേവി

പല തലമുറകളായി പുരുഷന്മാർ മാത്രം അനുഷ്ഠിച്ചിരുന്ന കലാരൂപമാണ് അയ്യപ്പന്‍ തീയാട്ട്

Author : ന്യൂസ് ഡെസ്ക്

അയ്യപ്പൻ തീയാട്ട് എന്ന കലാരൂപം അവതരിപ്പിക്കുന്ന ആദ്യ വനിതയാവുകയാണ് ആർഎല്‍വി ആര്യാ ദേവി. പല തലമുറകളായി പുരുഷന്മാർ മാത്രം അനുഷ്ഠിച്ചിരുന്ന കലാരൂപമാണ് ആര്യാ ദേവി അവതരിപ്പിക്കുന്നത്. പ്രശസ്ത അയ്യപ്പൻ തീയാട്ട് കലാകാരൻ, മുളങ്കുന്നത്തുകാവ് തീയാടി രാമൻ നമ്പ്യാരുടെ ആഗ്രഹം കൂടിയാണ് മകൾ ആര്യയിലൂടെ സാധ്യമാകുന്നത്.

മുദ്രാഭിനയമായ ശങ്കരമോഹനത്തിന്റെ ദക്ഷിണയോടെ ആര്യ, ചുവടുവച്ചപ്പോൾ ഒരു പുതിയ ചരിത്രമാണ് എഴുതപ്പെട്ടത്. ചെറുപ്പം മുതലേ ആര്യാദേവി സഹോദരങ്ങൾക്കൊപ്പം അയ്യപ്പൻ തീയാട്ട് പഠിച്ചിരുന്നു. പക്ഷേ അരങ്ങിലെത്താൻ തടസങ്ങൾ ഒരുപാടായിരുന്നു. അച്ഛന്റെ സപ്തതി ആഘോഷത്തിന് ഒരു സമ്മാനം കൊടുക്കണമെന്ന് ആര്യക്ക് ആഗ്രഹമുണ്ടായിരുന്നു. കലാകാലങ്ങളായുള്ള ബന്ധനങ്ങളെ അഴിച്ചെറിഞ്ഞ് ഈ കലാരൂപം തന്നെ അച്ഛന് പിറന്നാൾ സമ്മാനമായി നൽകാമെന്ന് ആര്യാദേവി ഉറപ്പിച്ചു. അങ്ങനെ ശാസ്താവിന്റെ കളത്തിനു മുന്നിൽ നിറഞ്ഞാടി.

നെറ്റിയിൽ കുറി, കണ്ണിൽ കരിമഷി, ചുവപ്പു മേലുടുപ്പ്, അരയിൽ ഉത്തരീയം, വള, കടകം, ചെവിപ്പൂവ്, കുരലാരം, മാല, അരഞ്ഞാണം, ഇത്രയുമാണ് ഒരുക്കങ്ങൾ. അഭിനയത്തിൽ മുഴുകി മകൾ തകർത്താടുമ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു. കാണികളെയാകെ കയ്യിലെടുത്ത് ആര്യാദേവി അരങ്ങിൽ നിന്ന് മടങ്ങുമ്പോൾ അതൊരു തുടക്കം കൂടിയാകുകയായിരുന്നു.

SCROLL FOR NEXT