ഗവേഷണ പുസ്തകത്തിലെ പേജ് കീറിയെടുത്തെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ആർഎൽവി രാമകൃഷ്ണൻ. " സ്ഥലമോ കാലമോ വ്യക്തികളെയോ ഞാനിവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ചങ്കിൽ കുത്തുന്ന ഇത്തരം പ്രവൃത്തികൾ ഒരു ഗവേഷകരും ചെയ്യരുത്" എന്ന് തുടങ്ങുന്ന പോസ്റ്റാണ് രാമകൃഷ്ണൻ പങ്കുവെച്ചത്. തൻ്റെ ഗവേഷണ പുസ്തകത്തിലെ 272 മുതൽ 276 വരെ 5പേജ് ബ്ലെയ്ഡ് വച്ച് കീറി എടുത്തിരിക്കുന്നുവെന്നാണ് രാമകൃഷ്ണൻ തെളിവ് സഹിതം പങ്കുവെച്ചത്.
സ്ഥലമോ കാലമോ വ്യക്തികളെയോ ഞാനിവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ചങ്കിൽ കുത്തുന്ന ഇത്തരം പ്രവൃത്തികൾ ഒരു ഗവേഷകരും ചെയ്യരുത്.
പുസ്തകത്തെ സ്നേഹിക്കുന്ന എല്ലാവരും പറയുന്ന ഒരു കാര്യമാണ് പുസ്തകം ആർക്കും കൊടുക്കരുത് എന്ന്. എന്നാൽ അറിവ് നേടാൻ ആഗ്രഹമുള്ള ഒരാൾക്ക് പുസ്തകം നൽകാതിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. സംശയങ്ങൾ ചോദിച്ച് വരുന്ന ഓരോരുത്തർക്കും ഞാൻ കൃത്യമായ വിവരങ്ങളും പുസ്തകങ്ങളും മറ്റു വിശദാംശങ്ങളും എല്ലാം പറഞ്ഞു കൊടുക്കാറുമുണ്ട്.
മോഹിനിയാട്ടത്തിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട ഇതുവരെ കണ്ടുപിടിക്കാത്ത കുറേ വിവരണങ്ങൾ എന്റെ ഗവേഷണ പുസ്തകത്തിൽ ഉൾചേർത്തിരുന്നു. ഈ പുസ്തകം നോക്കിയ ഏതോ ???!!!! ഒരു വ്യക്തി ഒരു ഗവേഷണ വിദ്യാർത്ഥിക്കു ചേരാത്ത ഒരു പ്രവൃത്തി ചെയ്തത് കണ്ട് എന്റെ നെഞ്ച് തകർന്നു പോയി. സത്യം പറഞ്ഞാൽ തല കറങ്ങുന്ന ഒരു അവസ്ഥ... ഒന്നും ചെയ്യാൻ പറ്റാതെ ആകെ തളർന്നു പോകുന്ന അവസ്ഥയിലെത്തി. എൻ്റെ ഗവേഷണ പുസ്തകത്തിലെ 272 മുതൽ 276 വരെ 5 പേജ് ബ്ലെയ്ഡ് വച്ച് കീറി എടുത്തിരിക്കുന്നത് കണ്ട് ആകെ തകർന്നു പോയി. ഒരു ഗവേഷകരും ഇങ്ങനെ ചെയ്യരുത്. കോപ്പിയടിക്കാനോ മറ്റു ഡാറ്റകൾ ചോർത്താൻ പാടില്ല എന്ന് ഗവേഷണ നിയമങ്ങൾ ഇരിക്കെ ഇങ്ങനെ ചെയ്ത് ബിരുദം നേടിയതു കൊണ്ട് എന്തു കാര്യം.
ജോലിയും പണിയും കളഞ്ഞ് 8 വർഷം കഷ്ട്ടപ്പെട്ട് കുറേയധികം യാത്രകൾ ചെയ്ത് ഇതുവരെ കിട്ടാത്ത ഡാറ്റകൾ കണ്ടെത്തി അതെല്ലാം ഉൾ ചേർത്തിട്ടാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് ഡാറ്റകൾക്കു വേണ്ടി എന്നെ ബന്ധപ്പെട്ടവർക്കൊക്കെ ഞാൻ എല്ലാ വിശദാംശങ്ങളും നൽകി സഹായിച്ചിട്ടുണ്ട്. ഇത് ചെയ്ത വ്യക്തിക്ക് എന്തെങ്കിലും ഡാറ്റ വേണമെങ്കിൽ എന്നോട് ചോദിക്കാമായിരുന്നു.
തന്തയ്ക്ക് പിറക്കാത്ത ഈ പ്രവൃത്തി ചെയ്തത് ഒരിക്കലും സഹിക്കാൻ പറ്റുന്ന ഒന്നല്ല. എത്ര വലിയ ബിരുദം നേടിയാലും ഈ ശാപം തല്ലി കളഞ്ഞാൽ പോകുമോ... ഈ കടുംകൈ ചെയ്ത ആരായാലും ഇനിയുള്ള കാലം ഉമിത്തീയിൽ നീറും.. ഉറപ്പ് ഇങ്ങനെ തട്ടി കൂട്ടി കിട്ടിയ നിങ്ങളുടെ ബിരുദം കൊണ്ട് എന്തു ഉപകാരമാണ് നിങ്ങൾക്ക് ഉണ്ടാവുന്നത് ? ഇത് ചെയ്ത ആരായാലും നിങ്ങൾക്ക് ഉറക്കം നഷ്ട്ടപ്പെട്ട രാത്രിയായിരിക്കും ഇനി.. ആരായാലും നിൻ്റെ പുറകെ ഞാനുണ്ടായിരിക്കും...