പയ്യനാമണ്ണിലെ ക്വാറി അപകടം Source: News Malayalam 24x7
KERALA

പയ്യനാമണ്ണിലെ ക്വാറി അപകടം: അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്, പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രവർത്തനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. ക്വാറിക്കുള്ളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ക്വാറിയിൽ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടർന്ന് നടപടിയുമായി ജില്ലാ കളക്ടർ. ദുരന്തത്തിന് പിന്നാലെ ചെങ്കുളത്ത് ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രവർത്തനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. ക്വാറിക്കുള്ളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പാറക്കടിയിൽ അകപ്പെട്ട ബിഹാർ സ്വദേശി അജയരാജിനായി ഇന്നും തിരച്ചിൽ നടത്തും. ഇയാളായിരുന്നു ഹിറ്റാച്ചി ഓടിച്ചുകൊണ്ടിരുന്നത്. എൻഡിആർഎഫ് സംഘമാണ് ഇന്നത്തെ തെരച്ചിലിന് നേതൃത്വം നൽകുന്നത്. ദുരതന്തത്തെ സംബന്ധിച്ചുള്ള അന്വേഷണം നടത്താൻ തൊഴിൽ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സന്ധ്യയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർച്ചയായ പാറ ഇടിച്ചിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇടയിലും പാറ അടർന്ന് വീണുകൊണ്ടിരുന്നു. തെരച്ചിൽ തുടരുന്നതിന് ഇത് ദുഷ്കരമായി സാഹചര്യം ഉണ്ടാക്കി. രക്ഷാപ്രവർത്തകൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടർച്ചയായ നാലുമണിക്കറോളം നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഒഡിഷ സ്വദേശിയായ മഹാദേവ് പ്രധാൻ്റെ മൃതദേഹം ലഭിച്ചത്. പണി നടക്കുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്.ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT